തിരുവനന്തപുരം: നിറങ്ങളും ഛായക്കൂട്ടുകളും വേണ്ട പകരം ഒരു പേന ഉണ്ടെങ്കിൽ ലോക്ക് ഡൗൺ കാലം വരകളുടെ മായാ ലോകം തീർക്കാമെന്ന് കാട്ടുകയാണ് പെരിങ്ങമ്മല കാവുങ്ങൽ പുത്തൻവീട്ടിൽ ആനി കാസ്ട്രോ എന്ന വീട്ടമ്മ. ലോക്ക് ഡൗൺ കാലത്തെ വിരസത അകറ്റാൻ പേനകൾ കൊണ്ട് ഡൂഡിൽ ആർട്ടിനെ കൂട്ടുപിടിച്ചപ്പോൾ 24 കാരിയായ ആനിക്ക് സ്വന്തമായത് വരകളുടെ വിസ്മയ ലോകമാണ്. ബി.എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ ധാരിയായ ആനിക്ക് ചിത്ര രചനയിൽ മുൻ അനുഭവങ്ങൾ ഒന്നുമില്ല. സഹോദരൻ റോഷൻ കാസ്ട്രോയുടെ ചെറു ചിത്രങ്ങൾ കണ്ട് വരയ്ക്കാൻ ശ്രമിച്ചെങ്കിലും അത് തുടക്കത്തിൽ തന്നെ പാളി. പക്ഷേ തന്റെ സുഹൃത്തുക്കളായ ജോജോയും അഖിലും നൽകിയ പ്രോത്സാഹനം ഒടുവുൽ ഡൂഡിൽ ആർട്ടിനെ തന്റെ കൈക്കുള്ളിലാക്കാൻ കഴിഞ്ഞെന്നാണ് ആനിയുടെ അഭിപ്രായം. തന്റെ വരകൾ മൊബൈൽ സ്റ്റാറ്റസായി ഇടുമ്പോൾ അതിനെക്കുറിച്ചറിയാൻ നിരവധി പേരാണ് ദിനവും വിളിക്കുന്നതെന്നും ആനി കൂട്ടിച്ചേർത്തു. ഭർത്താവ് സോനു വിജയൻ നഗരത്തിലെ ഒരു സ്വർണക്കടയിലെ സെയിൽസ്മാനാണ്.
പെരിങ്ങമ്മല എസ്.എൻ.വി ഗ്രന്ഥശാലയുടെ കീഴിലെ കരിയർ ട്രാക്കിൽ പി.എസ്.സി പരീക്ഷാ പരിശീലനം നടത്തവെയാണ് ലോക് ഡൗൺ പ്രഖ്യാപനം. അതോടെ വീട്ടിലെ വിരസതയകറ്റാൻ കണ്ടെത്തിയ ഡൂഡിൽ ആർട്ടിൽ സന്തുഷ്ടയാണ് ആനി.
കറുപ്പും നീലയും പേനകൾ മാത്രം ഉപയോഗിച്ചാണ് ഡൂഡിൽ ആർട്ടെന്ന 'കുത്തിവര'. ഇപ്പോൾ സാമ്പത്തിക പരിമിതികൾ കാരണം പേപ്പറിലാണ് വര.
തന്റെ രചനകൾ കാൻവാസിൽ പകർത്തി സുഹൃത്തുകൾക്കും ബന്ധുക്കൾക്കും നൽകണമെന്നാണ് ആഗ്രഹം പക്ഷേ ഇപ്പോൾ അത് സാധ്യമല്ല.
യുടൂബ് നോക്കിയാണ് പഠനം കൂടുതൽ. പഠനം നടത്താൻ താത്പര്യപ്പെട്ടുവരുന്നവർക്ക് ഇവ പകർന്നുനൽകാനും ചിത്രകാരി തയ്യാറാണ്. ഒപ്പം ഡൂഡിൽ ആർട്ടിനെ ചുവരുകളിലേക്ക് പകർത്താനുള്ള ശ്രമത്തിലാണ്.