ആറ്റിങ്ങൽ: ഇരു വൃക്കകളും തകരാറിലായ യുവാവിന് യൂത്ത് കോൺഗ്രസ് സഹായവുമായെത്തിയത് ആശ്വാസമായി. ചെമ്പൂര് തെങ്ങറ വീട്ടിൽ പ്രസന്നനാണ്( 45)​ അവശനിലയിൽ കഴിയുന്നത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. രണ്ടു വർഷമായി ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുകയാണിയാൾ. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള പ്രസന്നന്റെ കുടുംബം പുലരുന്നതും ചികിത്സ നടക്കുന്നതും ഭാര്യ സീമ തൊഴിലിനു പോകുന്നതുകൊണ്ടാണ്. ചികിത്സാചെലവും, മകന്റെ പഠന ചെലവും ഇതിൽ നിന്നുതന്നെയാണ് കണ്ടെത്തുന്നത്.

യുവാവിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ മുദാക്കൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സഹായ നിധി രൂപീകരിച്ചു നൽകുകയായിരുന്നു.

അടൂർ പ്രകാശ് എം.പി പ്രസന്നന്റെ ഭാര്യ സീമയെ തുക ഏൽപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഇളമ്പ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ രാജൻബാബു, ചെമ്പൂര് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശശിധരൻ നായർ, യൂത്ത്‌ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ, രജനീഷ് പൂവക്കാടൻ, യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റ് അഭിജിത്ത് എം എസ് , എസ് സുജിത്ത്, കുറു മാംകോട് ശ്രീകുമാർ, സുജിത്ത് ലാൽ, അനന്ദു, പ്രമദ്, യദു, സുജീഷ് കുമാർ, പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു