ബാലരാമപുരം: ആശുപത്രിയിൽ പോകവെ പാപ്പനംകോടിന് സമീപത്തുവച്ച് ഗർഭിണിയായ മരുമകൾ അപർണയെ തടഞ്ഞ സംഭവത്തിൽ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയൻ ഡി.ജി.പിക്ക് പരാതി നൽകി. അമിത രക്തസ്രാവത്തെ തുടർന്ന് അവശനിലയിലായ അപർണയെ വഴിയിൽ തടയുകയായിരുന്നെന്നും രേഖകൾ എല്ലാം സമർപ്പിച്ചിട്ടും താൻ പഞ്ചായത്ത് പ്രസിഡന്റാണെന്ന് അറിയിച്ചിട്ടും നീതി നിഷേധിച്ചതായി പരാതിയിൽ പറയുന്നു. പാപ്പനംകോട് എത്തുന്നതിന് മുൻപ് നാലു സ്ഥലങ്ങളിൽ പൊലീസ് തടഞ്ഞെങ്കിലും ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ വിട്ടയച്ച് പൊലീസ് മാതൃക കാട്ടിയെന്നും പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ,​മരുമകൾ അപർണ,​ ഇവരുടെ മാതാവ് റാണി,​ കാർ ഡ്രൈവർ ഉൾപ്പെടെ നാല് പേർ യാത്ര ചെയ്തിരുന്നു. 12 കിലോമീറ്റർ തിരികെ പോകേണ്ടി വന്ന സാഹചര്യം അപർണയുടെ ജീവന് തന്നെ വെല്ലുവിളിയായെന്നും മാനുഷിക പരിഗണന പോലും നൽകാതെ അകാരണമായി തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഹാൻടെക്സ് മുൻ പ്രസിഡന്റ് പെരിങ്ങമല വിജയന്റെ ഭാര്യയാണ് മല്ലികാവിജയൻ.