covid

തിരുവനന്തപുരം : കൊവിഡ് മുക്തരായവരുടെ രക്തത്തിലെ പ്ലാസ്‌മ ഉപയോഗിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാൻ (കൺവാലസെന്റ് സെറ ചികിത്സ ) ഇന്ത്യയിലാദ്യമായി പദ്ധതി സമർപ്പിച്ച കേരളത്തിന് തിരിച്ചടി. മാർച്ച് ആദ്യ‌വാരം സമർപ്പിച്ച പദ്ധതിക്ക് അനുമതി നൽകിയ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) കഴിഞ്ഞ ദിവസം പൊടുന്നനെ ഇതിന്റെ മാർഗനിർദ്ദേശങ്ങൾ മാറ്റിയതോടെയാണ് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായത്. ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു.

തിരുവനന്തപുരം, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകൾ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, അമല ഹോസ്പിറ്റൽ, അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ബേബി മെമ്മോറിയൽ എന്നീ സ്ഥാപനങ്ങൾക്ക് സംയുക്ത പങ്കാളിത്തമുള്ള പദ്ധതിയാണ് സമർപ്പിച്ചിരുന്നത്. ഇതിൽ ഏത് സ്ഥാപനത്തിൽ വേണമെങ്കിലും ചികിത്സ നടത്താമെന്നതായുന്നു മേന്മ. ഇതിന് ആദ്യം അനുമതി നൽകിയ ഐ.സി.എം.ആർ ഈ വ്യവസ്ഥകളെല്ലാം മാറ്റിയിരിക്കയാണ്.

കഴിഞ്ഞ മാസം 27നാണ് അനുമതി നൽകിയത്. സാമ്പിൾ ശേഖരിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ നിബന്ധനകളിൽ ഇളവ് വേണം. ഇതിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു കേരളം. ഡ്രഗ്സ് കൺട്രോളറുടെ അനുമതി ലഭിച്ചിരുന്നെങ്കിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കൊവിഡ് മുക്തി നേടിയവരുടെ പ്ലാസ്‌മ ശേഖരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

അതേസമയം,​ ഐ.സി.എം.ആർ സ്വന്തം നിലയിൽ പ്ലാസ്‌മ ചികിത്സാ പരീക്ഷണം ആംരംഭിക്കാനുള്ള ശ്രമത്തിലാണ്.

പുതിയ വ്യവസ്ഥകൾ

ഓരോ സ്ഥാപനവും പ്രത്യേകം പ്രോട്ടോക്കോൾ തയ്യാറാക്കി അനുമതിക്കായി അപേക്ഷിക്കണം.

ഒരു സ്ഥാപനത്തിന് അനുമതി ലഭിച്ചാൽ ചികിത്സയുടെ എല്ലാ നടപടിക്രമങ്ങളും അവിടെ മാത്രമേ നടത്താവൂ.

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾക്ക് മാത്രമാകും അനുമതി ( ശ്രീചിത്ര കേന്ദ്ര സ്ഥാപനമായതിനാൽ ഇത് ബാധകമല്ല )​

 നഷ്ടമായത് കേരളത്തിന്റെ മുന്നേറ്റം

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ജീവൻ രക്ഷിച്ചത് ഈ ചികിത്സയാണ്. ഇത് പരീക്ഷിക്കാനായി പ്രോട്ടോക്കോൾ തയ്യാറാക്കി അനുമതി തേടിയ ആദ്യ സംസ്ഥാനമായിരുന്നു കേരളം. ഇത് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിന് പിന്നിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നാളുകൾ നീണ്ട പരിശ്രമം ഉണ്ടായിരുന്നു. ഐ.സി.എം.ആർ ആദ്യമേ അനുമതി നിരസിച്ചിരുന്നെങ്കിൽ സംസ്ഥാനം തുടർനപടികളിലേക്ക് കടക്കുമായിരുന്നില്ല. അനുമതി നൽകിയതോടെ പ്ലാസ്‌മ ചികിത്സയ്‌ക്ക് വിദഗ്ദ്ധർ തയ്യാറെടുക്കുകയായിരുന്നു.

ഡോ.ബി.ഇക്ബാലിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയിൽ അംഗമായ ഡോ. എ.എസ്.അനൂപ്കുമാർ കൺവീനറായ ഉപസമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇനി എന്തുവേണമെന്നുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അനുമതി നഷ്ടമായെങ്കിലും കേരളത്തിൽ ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ള രോഗികളില്ലെന്നാണ് വിദഗ്ദ്ധർ ആശ്വാസമായി പറയുന്നത്.