തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്തും റേഷൻ വ്യാപാരികളിൽ നിന്നും മാസപ്പടി പിരിച്ച റേഷനിംഗ് ഇൻസ്പെക്ട‌ർ വിജിലൻസിന്റെ പിടിയിലായി.തൃശൂർ തലപ്പിള്ളി പഴയന്നൂർ ഫർക്കയുടെ ചുമതല വഹിക്കുന്ന റേഷനിംഗ് ഇൻസ്പെക്ടർ കെ.കെ സാബുവാണ് മാസപ്പടി വാങ്ങി മടങ്ങവേ പഴയന്നൂർ ജംഗ്ഷനിൽ വച്ച് വിജിലൻസ് ഡിവൈ.എസ്.പി മാത്യുരാജ് കള്ളിക്കാടന്റെ നേതൃത്വത്തിലുളള വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.

ഇയാളിൽ നിന്ന് മാസപ്പടിയായി വാങ്ങിയ 8500 രൂപ വിജിലൻസ് കണ്ടെടുത്തു.സംസ്ഥാനത്ത് 361 വ്യാപാര സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡിൽ 153 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. തിരുവനന്തപുരം ജില്ലയിൽ മാത്രം 61ഉം എറണാകുളത്ത്10ഉം കോട്ടയത്ത് 23ഉം വ്യാപാരസ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. സൗജന്യ റേഷൻ വെട്ടിപ്പ് കണ്ടെത്താൻ റേഷൻ കടകളിലും വിജിലൻസ് പരിശോധന കർശനായി തുടരുകയാണ്. വരും ദിവസങ്ങളിലും സംസ്ഥാനമൊട്ടാകെ പരിശോധന തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു. .