ആറ്റിങ്ങൽ: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായ ഒരു ഓർഫനേജ് ഉണ്ട്. സുമനസുകളുടെ സഹായം ഒന്നുകൊണ്ടു മാത്രം പ്രവർത്തിച്ചിരുന്ന സാമൂഹ്യ സേവനം ലക്ഷ്യം വച്ച് നടത്തുന്ന ആറ്റിങ്ങലിലെ ഡോ. അംബേദ്ക്കർ മെമ്മോറിയൽ ഓർഫനേജ് ആൻഡ് റീഹാബിലിറ്റേഷൻ ചാരിറ്റബിൾ സെന്ററാണിത്. കൊവിഡും അതിനോടനുബന്ധിച്ച് ലോക്ക് ഡൗണും വന്നതോടെ ഇവിടെ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ തീരെ കുറഞ്ഞു.
ഫീൽഡ് വർക്ക്, നേരിട്ടെത്തുന്ന സംഭാവനകൾ എന്നിവയിലൂടെയായിരുന്നു ഓർഫനേജ് നടന്നിരുന്നത്. 12 സ്റ്റാഫുകളുടെ ശമ്പളവും അന്തോവാസികൾക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും ആശുപത്രി ചെലവുമെല്ലാം ഇതിൽ നടന്നു വന്നിരുന്നതാണ്. സുമനസുകളുടെ നിർലോഭമായ സഹകരണമായിരുന്നു ഇതിന്റെ കരുത്ത്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ എല്ലാം താളം തെറ്റി. ഫീൽഡ് വർക്കിന് പോകാൻ കഴിയാതെയായി.
മാസംതോറും സഹായിക്കുന്ന ടെക്നോപാർക്കിലെ വരുൺ, രേവതി, ആരതി ടീം വിവരം അറിഞ്ഞു സഹായിച്ചു. പിന്നീട് മഹാദേവ റസിഡന്റ്സ് അസോസിയേഷനെ സമീപിച്ചു. അവരും നല്ല രീതിയിൽ സഹായിച്ചു. പ്രശ്നത്തിന്റെ രൂക്ഷത മനസിലാക്കി ആറ്റിങ്ങൽ നഗരസഭയും പിന്നീട് അന്നത്തിനുള്ള സാധനങ്ങൾ സംഭാവന ചെയ്തു. ഇപ്പോൾ നാട്ടുകാരും സഹായിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഇനിയും സഹായം ആവശ്യമായുണ്ട്.