ലോക്ക് ഡൗൺ കാലത്ത് സ്കൂളിനും കോളേജിനുമെന്നല്ല സകല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലോക്ക് വീണു. എന്നാൽ, വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്ത് മത്സര പരീക്ഷാ കോച്ചിംഗ് സെന്ററായ സഫയറിൽ ഇപ്പോഴും ക്ലാസുകൾ മുടങ്ങാതെ നടക്കുന്നുണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും അവരവരുടെ വീടുകളിൽ ഇരുന്നാണെന്ന് മാത്രം.
ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ (നീറ്റ്) പുതിയ ബാച്ചിന്റെ കോച്ചിംഗ് പൂർത്തിയായി റിവിഷൻ തുടങ്ങിയപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപനം വന്നത്. ക്ലാസിലെത്താൻ കഴിയില്ലെന്നു കരുതി വിദ്യാർത്ഥികൾ അതുവരെ ആർജിച്ച അറിവിൽ നിന്ന് പിന്നാക്കം പോകാൻ പാടില്ല. ഇപ്പോഴുള്ള ആ മുറുക്കത്തിൽത്തന്നെ കുട്ടികളെ മുന്നോട്ടു നയിക്കേണ്ടതുണ്ട്. അവിടെയാണ് വിദ്യാഭ്യാസ വിദഗ്ദ്ധൻ കൂടിയായ സഫയറിന്റെ സാരഥി ഡോ. വി.സുനിൽകുമാർ വിവരസാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചത്.
ഇപ്പോൾ ഓൺലൈനായി വിദ്യാർത്ഥികളുടെ മോഡൽ പരീക്ഷ നടക്കുകയാണ്. സഫയറിന്റെ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരീക്ഷയെഴുത്ത്. വിദേശ വിദ്യാർത്ഥികൾക്കായി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോം ഇതിനായി ഒന്നു വിപുലമാക്കുകയാണ് സുനിൽകുമാർ ചെയ്തത്.
ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചോദ്യങ്ങൾ ലോഡ് ചെയ്തിട്ടുണ്ടാകും. അതിൽ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് പ്രവേശിക്കാൻ കഴിയും. ഓരോ ബാച്ചിനും പരീക്ഷാ തീയതി നിശ്ചയിച്ചിട്ടുണ്ട്. അന്നേ ദിവസം ആ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ ലഭ്യമാക്കുന്ന സംവിധാനവും റെഡിയാണ്. അതുപയോഗിച്ച് ചോദ്യപ്പേപ്പർ എടുക്കാം, പരീക്ഷ എഴുതാം. നിശ്ചിത സമയം കഴിഞ്ഞാൽ ഉത്തരങ്ങൾ എന്റർ ചെയ്യാൻ കഴിയില്ല.
രാവിലെ 6മുതൽ രാത്രി 9 വരെ വിവിധ സമയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ ഫലവും അപ്പോൾത്തന്നെ അറിയാൻ കഴിയും.
റിപ്പീറ്റർ ബാച്ചിനും ക്രാഷ് കോഴ്സുകാർക്കുമാണ് മോഡൽ പരീക്ഷ. വീട്ടിലിരുന്ന് ആദ്ധ്യാപകർ പഠിപ്പിക്കുന്നത് റെക്കാഡ് ചെയ്ത് വീഡിയോ ആക്കും. എന്നിട്ട് അത് സഫയറിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. വിഷയം, അദ്ധ്യാപകർ എന്നിങ്ങനെ സെർച്ച് ചെയ്ത് വിദ്യാർത്ഥിക്ക് തന്നെ ക്ളാസ് കണ്ട് പഠിക്കാം.
ഇതുകൂടാതെ ലൈവ് ക്ലാസുകളുണ്ട്. സൂം ആപ്പ് വഴി ലൈവായി പഠിക്കാം. വിദ്യാർത്ഥികൾക്ക് അപ്പപ്പോൾ തന്നെ സംശയം ചോദിക്കാം. അദ്ധ്യാപകന് ചോദ്യവും ആകാം.
സഫയർ എന്നേ
ഹൈടെക്കായി
സഫയർ നേരത്തെ തന്നെ ഹൈടെക്കായിരുന്നുവെന്ന് സുനിൽകുമാർ പറഞ്ഞു. ജെ.ഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) ഓൺലൈൻ പരീക്ഷയായതു കൊണ്ട്. ഇവിടെ 75 സിസ്റ്റം വച്ചാണ് പരിശീലനം നൽകിയിരുന്നത്. വഞ്ചിയൂരിലെ പുതിയ കെട്ടിടത്തിലെ ക്ലാസ് മുറികൾ ഹൈടെക്കാണ്. പ്ലസ് വൺ, പ്ലസ് ടു ട്യൂഷൻ വിത്ത് എൻട്രൻസ്, ഐ.ഐ.ടി, റിപ്പീറ്റേഴ്സ്, റീ റിപ്പീറ്റേഴ്സ്, ക്രാഷ് കോഴ്സ്, ഷോർട്ട് ടേം കോഴ്സ്, എൻ.ആർ.ഐ, സിയോക്സ്, ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാം, സെനിത്ത് ഫൗണ്ടേഷൻ കോഴ്സ്, കീം എന്നിങ്ങനെ മത്സര പരീക്ഷകൾ ഉൾപ്പെടെയുള്ള കോഴ്സുകളാണ് സഫയറിലുള്ളത്. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്നു.
റാങ്കുകൾ വാരിക്കൂട്ടുന്നതിൽ മാത്രമല്ല, പരിശീലനം നേടുന്നവരിൽ നല്ലൊരു ശതമാനത്തെ വിജയത്തിലെത്തിക്കാനും ഞങ്ങൾക്ക് കഴിയുന്നുണ്ട്. റിപ്പീറ്റർ ബാച്ചിലാണ് ഏറ്റവും മികച്ച റിസൽട്ട് വരുന്നതെന്ന് സുനിൽകുമാർ പറയുന്നു.
ഗുരുമുഖത്തോളം
വരില്ലെങ്കിലും...
ഓൺലൈൻ ക്ലാസിന്റെ പരിമിതിയെ കുറിച്ചും സുനിൽകുമാറിന് നല്ല ബോദ്ധ്യമുണ്ട്. ക്ലാസ് മുറിയിൽ അദ്ധ്യാപകന്റെ മുന്നിലിരുന്ന് പഠിക്കുന്നതിന്റെ ഗുണം ഓൺലൈനായി ലഭിക്കില്ല. നിർബന്ധമായും പഠിച്ചുകൊണ്ടുവരണം, അല്ലെങ്കിൽ വീട്ടിലിരുന്ന് എഴുതിക്കൊണ്ടു വരണം എന്ന് അദ്ധ്യാപകൻ പറയുമ്പോൾ അത് അനുസരിക്കാൻ എല്ലാവർക്കും തോന്നുന്നത് അടുത്ത ദിവസം ക്ളാസിൽ പോകണമെന്ന ചിന്തയുള്ളതുകൊണ്ടാണ്.
ഓൺലൈനിലൂടെ ചോദിക്കുമ്പോൾ ഉത്തരം അവർ കൃത്യമായി പറയണമെന്നില്ല. അങ്ങനെയുള്ള പരിമിതികളുണ്ട്. നല്ല താത്പര്യമുള്ളവർ മാത്രമേ ഈ രീതിയിലുള്ള പഠനം പോസിറ്റീവായി എടുക്കുന്നുള്ളൂ.
'അന്നപൂർണേശ്വരി'യിൽ
എല്ലാവരും ആനന്ദത്തിലാണ്
കുറച്ചുദിവസമായി അച്ഛനെ അടുത്തുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഗൗതമും ഗംഗയും. എസ്.എസ്. ഗൗതം രണ്ടാം വർഷം എം.ബി.ബി.എസ് വിദ്യാർത്ഥിയും എസ്.എസ്. ഗംഗ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. മക്കൾക്കൊപ്പം ശാസ്തമംഗലത്തെ വീട്ടിലിരുന്ന് ചെസ്, ചീട്ടുകളി, പിന്നെ സിനിമ കാണൽ എന്നിവയാണ് ലോക്ക് ഡൗൺ കാലത്തെ അധിക സന്തോഷങ്ങൾ.
ഇടയ്ക്ക് പാചകത്തിനായി അടുക്കളയിലെത്തും. ഒരിക്കൽ മട്ടൻ കറിയുണ്ടാക്കി. പിന്നെ ഉണ്ടാക്കിയത് ഫിഷ്മോളി. പാചകത്തിന് മാർക്കിടുന്നത് ഭാര്യ പി.ഷീജ. ലോക്ക് ഡൗണിനു മുമ്പ് 6.30ന് സഫയറിലെത്തുന്ന ഞാൻ തിരികെ വീട്ടിലെത്തുന്നത് രാത്രി 9.30നാണ്. പലപ്പോഴും കുട്ടികളുറങ്ങിയിട്ടുണ്ടാകും. അവർ ഉണരും മുമ്പേ ഞാൻ വീട്ടിൽ നിന്നിറങ്ങുകയും ചെയ്യും. ആ നഷ്ടം ഇപ്പോൾ തീർന്നു.
വീട്ടിലിരുന്നാലും പകുതി സമയം സഫയറിന്റെ പാഠ്യകാര്യങ്ങളാണ് ചെയ്യുന്നത്. ചോദ്യപേപ്പർ ഉണ്ടാക്കുക, ഓൺ ലൈൻ ക്ലാസുകൾ ക്രമീകരിക്കുക....
ക്രിസ്മസ് നാളിൽ പിറന്നു
ആകാശത്തോളം ഉയർന്നു
1997 ഡിസംബർ 25ന് നൂറിൽതാഴെ കുട്ടികളുമായാണ് സഫയർ ആരംഭിച്ചത്. ശരാശരി നിലവാരമുള്ളവരായിരുന്നു വിദ്യാർത്ഥികളിൽ അധികവും. ഇപ്പോൾ തിരുവനന്തപുരത്ത് മാത്രം നാല് കോച്ചിംഗ് സെന്ററുകളുണ്ട്. കൊല്ലം, മാർത്താണ്ഡം എന്നിവിടങ്ങളിൽ ശാഖകളുണ്ട്. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചും ക്ലാസുകളുണ്ട്.
കഠിനപരിശ്രമവും അദ്ധ്യാപകരുൾപ്പെടെയുള്ളവരുടെ കൂട്ടായ പരിശ്രമവുമാണ് വിജയരഹസ്യമെന്ന് സുനിൽകുമാർ പറയുന്നു.
മിടുക്കരായ ഒരു വിദ്യാർത്ഥിക്ക് പോലും ട്യൂഷൻ ഫീസ് കൊടുക്കാൻ സാധിക്കാത്തതിന്റെ പേരിൽ ഉന്നതപഠനം നിഷേധിക്കപ്പെടരുത് എന്ന നിർബന്ധം സഫയറിനുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ പഠനവും അർഹരായവർക്ക് ഫീസിളവും നൽകുന്നുണ്ട്. മികച്ച റാങ്ക് നേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉപരിപഠന സഹായവും നൽകും. പാവപ്പെട്ട കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടാലന്റ് പരീക്ഷ നടത്തി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് നൽകുന്നതുൾപ്പെടെയുള്ള മാതൃകാപരവും മനുഷ്യത്വപരവുമായ ഒട്ടേറെ കാര്യങ്ങൾ സുനിൽകുമാറിന്റെ നേതൃത്വത്തിൽ സഫയർ
ചെയ്തുവരുന്നുണ്ട്.