ന്യൂഡൽഹി: ഡ്യൂട്ടി സമയത്ത് മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ ഡൽഹിയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മുതിർന്ന ഉദ്യോ​ഗസ്ഥൻ ബാറ്റൺ ഉപയോ​ഗിച്ച് മർദ്ദിച്ചു. ഡൽഹിയിലെ പ്രേംന​ഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് മർദ്ദനമേറ്റത്. മാസ്ക് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് തന്നെ ബാറ്റൺ കൊണ്ട് അടിച്ചതെന്ന് കോൺസ്റ്റബിൾ ആരോപിക്കുന്നു.


തിങ്കളാഴ്ച രാത്രി ഡൽഹിയിലെ ദുർ​ഗാ ചൗക്കിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും കോൺസ്റ്റബിളും തമ്മിലാണ് മാസ്ക് ധരിക്കുന്നതിനെ ചൊല്ലി തർക്കം ആരംഭിച്ചതെന്ന് അഡീഷണൽ കമ്മീഷണർ ഓഫ് പൊലീസ് എം.ഡി മിശ്ര വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അതിന് ശേഷം കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊവിഡ് 19 വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വീടിന് പുറത്തിറങ്ങുന്ന എല്ലാവരോടും മാസ്ക് ധരിക്കണമെന്ന കർശന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.