വിതുര: ലോക്ക് ഡൗൺ ആരംഭിച്ചതോടെ പിടിപ്പത് പണിയാണ് ഓരോ പൊലീസുകാർക്കും. പൊരിവെയിലത്ത് സ്വന്തം ജോലി കൃത്യമായി ചെയ്യുന്നവരാണ് ഇവർ. ഒപ്പം സ്വന്തം ജോലികൾക്ക് പുറമെ മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത്തും എസ്.ഐ സുധീഷും. ആദ്യം മുതൽ തന്നെ വിതുര കമ്മ്യൂണിറ്റി കിച്ചണിന് ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകിയുന്നു. ഇപ്പോൾ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇവിടുത്തെ വിയമപാലക‌ർ.

ആദിവാസി ഊരുകളിൽ ഭക്ഷണപൊതികൾ വിതരണം നടത്തി. വിവിധ യിടങ്ങളിൽ ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു. ബാങ്കുകളിലും വ്യാപാരസ്ഥാപനങ്ങളിലും എത്തുന്നവർക്ക് മാസ്കുകൾ വിതരണം ചെയ്തു.വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകളുമായി കൈകോർത്ത്‌ വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല, ആര്യനാട് പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും വിതുര തേജസ്‌ വൃദ്ധസദനത്തിലെ അന്തേ വാസികൾക്കും ഭഷ്യകിറ്റുകൾ വിതരണം ചെയ്തു. മരുന്നിനും മറ്റുമായി സ്റ്റേഷനിൽ വിളിക്കുന്നവർക്ക് ഉടൻ മരുന്നും ഭക്ഷണവുമായി ഉടൻ സ്ഥലത്തെത്തും ഈ പോലീസുകാർ. ഒപ്പം പരാതികൾക്ക് പരിഹാരവും ഉടൻ നടപ്പാക്കും.