jayachandran-1

പാറശാല: ലോക്ക് ഡൗൺ കാലത്തും കർമനിരതനാണ് പ്ലാമൂട്ടുക്കട മാറാടിയിലെ അദ്ധ്യാപകനായ ജയചന്ദ്രൻ . തന്റെ കൃഷിയിടത്തിൽ വിത്തിട്ടു വിളയിച്ച കാർഷികോത്പന്നങ്ങളുടെ വിളവെടുത്ത് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ്.

കൊറോണ വ്യാപനത്തിനെതിരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചപ്പോഴാണ് കൃഷിയെ സ്നേഹിക്കുന്ന ജയചന്ദ്രന്റെ മനസിൽ പുതിയ ആശയം മുളപൊട്ടിയത്.നേരത്തെ പാട്ടത്തിനെടുത്ത് കൃഷിയിറക്കാൻ സമയം കിട്ടാതിരുന്നതിനാൽ തരിശായി കിടന്ന 30 സെന്റ് ഭൂമിയിൽ ചീരയും വെള്ളരിയും വെണ്ടയും പയറും കൃഷിയിറക്കാൻ തീരുമാനിച്ചത്. ആശയം ബ്ലോക്ക് പ്രോഗ്രാം ആഫീസർ എസ്.കൃഷ്ണകുമാറിനോടും മറ്റ് സഹപ്രവർത്തകരോടും പങ്കിട്ടു. അവരുടെ പ്രോത്സാഹനം കൂടി ലഭിച്ചതോടെ കൃഷി ഇറക്കാൻ തുടങ്ങി. കാരോട് കൃഷി ഓഫീസിൽ നിന്നും വ്ലാത്താങ്കരയിൽ നിന്ന് വില കൊടുത്തും കുറെ വിത്തുകൾ വാങ്ങി. ജൈവവളം മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും തീർച്ചപ്പെടുത്തി. കനത്ത ചൂടായതിനാൽ രാവിലെയും വൈകിട്ടും മൂന്ന് മണിക്കൂർ വീതം കൃഷിയിടത്തിൽ ചെലവിട്ടു. വെള്ളവും വളവും നൽകി പരിപാലിച്ചു. ചീരയും വെള്ളരിയും വെണ്ടയും പയറും വിളവെടുത്ത് ഘട്ടം ഘട്ടമായി കുട്ടികളുടെ വീട്ടിലെത്തിക്കുക എന്നതാണ് തൻറെ പദ്ധതിയെന്ന് ജയചന്ദ്രൻ പറയുന്നു. വിതരണോദ്ഘാടനത്തിൽ കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.കെ.ബെൻ ഡാർവിൻ,പഞ്ചായത്ത് സെക്രട്ടറി എ.ഗോപാലൻ,കൃഷി ഓഫീസർ സി.ബിജു, ബി.ആർ.സി പരിശീലകൻ അജികുമാർ എന്നിവർ പങ്കെടുത്തു. ആദ്യമായി വിളവെടുത്ത ചീര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം തുടരുന്ന ചെങ്കവിളയിലെ എ.റാബി,ആർ.ശുഭ ദമ്പതികളുടെ മകൻ ആർ.എസ്.അഭിനവിന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സൗമ്യ ഉദയൻ സമ്മാനിച്ചു.

പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ പാറശാല, കുളത്തൂർ, കാരോട്, വെള്ളറട, കൊല്ലയിൽ, അമ്പൂരി, കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന 20 കുട്ടികളാണ് വൈകല്യങ്ങൾ കാരണം ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം തുടരുന്നത്. 2003 മുതൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി പഠിപ്പിക്കുന്ന റിസോഴ്‌സ് അദ്ധ്യാപകനായി ആർ. ജയചന്ദ്രൻ. ക്ഷീര വികസന വകുപ്പിൽ ജീവനക്കാരിയായ എസ്.പി.സുമയാണ് ഭാര്യ. പൊറ്റയിൽകട സെന്റ് ജോസഫ്സ് യു.പി.എ സി ലെ എഴാം ക്ലാസ് വിദ്യാർത്ഥിനി അനന്യ എസ്.ചന്ദ്രനും അഞ്ചാം ക്ലാസ് വിദ്യാർത്ഥി അനഘ ചന്ദ്രനുമാണ് മക്കൾ. തെമ്മാനംവിള ചൈതന്യ ലൈബ്രറി പ്രസിഡന്റ്, കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിഷൻ ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നു.