തിരുവനന്തപുരം: സ്പ്രിൻക്ലർ ഇടപാടിൽ അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി അടിസ്ഥാന രഹിത
മാണെന്നും ,അന്താരാഷ്ട്ര കണക്കനുസരിച്ച് 200 കോടി രൂപയോളം മൂല്യമുള്ള വ്യക്തിഗത വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറിയ ഇടപാട് അഴിമതി തന്നെയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗബാധിതരുടെ കുടുബാംഗങ്ങളുടെ വിവരങ്ങൾ കൂടിയാകുമ്പോൾ,കൈമാറിയ വിവരങ്ങൾക്ക് 700 കോടിയുടെ മൂല്യമുണ്ട്. ഈ ഇടപാടിലെ മുഖ്യപ്രതി മുഖ്യമന്ത്രിയാണ്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണം. കേരളത്തിലെ 1.75ലക്ഷം വ്യക്തികളുടെ സെൻസിറ്റീവായ ആരോഗ്യവിവരങ്ങളാണ് സ്വകാര്യതാ നിയമം ലംഘിച്ച് അമേരിക്കൻ കമ്പനിക്ക് കൈമാറിയിരിക്കുന്നത്. ഇത് മലയാളിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാടാണ്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇത് സംബന്ധിച്ച പ്രസ്താവനകൾ. ഒരു കമ്പനിക്ക് കരാർ കൈമാറുമ്പോൾ പാലിക്കേണ്ട സാധാരണ നടപടിക്രമങ്ങൾ പോലും ഉണ്ടായിട്ടില്ല. വാർത്താസമ്മേളനത്തിൽ ഉറുമ്പിന് ഭക്ഷണം നല്‍കുന്ന കാര്യം പോലും പരാമർശിക്കുന്ന മുഖ്യമന്ത്രി, അമേരിക്കൻ കമ്പനിയുമായുള്ള ഇടപാടിനെക്കുറിച്ച് ഒരിക്കൽ പോലും പരാമർശിച്ചിട്ടില്ല. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് ശേഷമാണ് സ്പ്രിൻക്ലർ കമ്പനി ഏപ്രില്‍ 11,12 തീയതികളിൽ ഐടി സെക്രട്ടറിക്ക് സുരക്ഷ സംബന്ധിച്ച വിശദീകരണം കൊടുത്തത്. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയില്ലാത്തതിനാലാണ് കരാറിനെക്കുറിച്ച് നിയമവകുപ്പ് അറിയാത്തതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സാമ്പത്തിക ബാദ്ധ്യതയുടെ കാര്യത്തിൽ ധനകാര്യ വകുപ്പിന്റെ അനുമതി മതി. എന്നാൽ ,അന്താരാഷ്ട്ര തലത്തിൽ നിയമനടപടി നേരിടുന്ന അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പുവയ്ക്കുമ്പോൾ അതിന്റെ നിയമവശങ്ങൾ നിയമവകുപ്പ് അറിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണ്?. സ്പ്രിൻക്ലർ കരാർ സംബന്ധിച്ച് മന്ത്രിസഭ ആലോചിച്ചില്ല.ഒരു ഫയൽ പോലുമില്ല. ഡാറ്റാ തട്ടിപ്പിൽ കേസ് നേരിടുന്ന കമ്പനിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ അന്വേഷിച്ചില്ല. പ്രളയ സമയത്ത് ഈ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ആർക്കും
അതേക്കുറിച്ചറിയില്ല- ചെന്നിത്തല പറഞ്ഞു.