കോവളം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യഫെഡ് വഴി മത്സ്യം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യബന്ധന തൊഴിലാളികളും പൊലീസും തമ്മിൽ വാക്കേറ്റം. മത്സ്യ ഫെഡ് വഴി സർക്കാർ മത്സ്യം സംഭരിക്കുമ്പോൾ ഹാർബറിലെ ചെറുകിട കച്ചവടക്കാർക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന പരാതിയെ ചൊല്ലിയുള്ള തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചത്.മത്സ്യ ഫെഡ് വഴി മത്സ്യം സംഭരിക്കാൻ സർക്കാർ തയ്യാറായെങ്കിലും വളരെ തുച്ഛമായ അടിസ്ഥാന വിലയാണ് ഓരോ ഇനം മത്സ്യത്തിനും നൽകുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. കൂടാതെ മത്സ്യത്തിന് പ്രതിഫലമായി കിട്ടുന്ന തുക പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയേ ലഭിക്കൂ എന്ന വിവരവും തൊഴിലാളികളെ ചൊടിപ്പിച്ചു.ഹാർബറിൽ നിന്നു ചെറുകിട കച്ചവടക്കാർക്ക് മത്സ്യം വാങ്ങാനോ പിന്നീട് അതു വിൽക്കാനോ ഉള്ള സാഹചര്യം അധികൃതർ നൽകുന്നില്ല. ഇതേ തുടർന്ന് ചെറുകിട കച്ചവടക്കാരും അവരുടെ കുടുംബങ്ങളും കടുത്ത ദാരിദ്ര്യത്തിലാണെന്നും തൊഴിലാളികൾ പറയുന്നു.