തിരുവനന്തപുരം: വലിയതുറ കോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സെർവർ റൂമിൽ തീപിടുത്തം. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് ഇ​-ഹെൽത്ത് സിസ്റ്റവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കമ്പ്യൂട്ടറുകൾ,സർവർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന മുറിയിൽ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. ചാക്ക ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് സംഘമെത്തി മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വയറിംഗ് അടക്കമുള്ളവ കത്തി മുറിയിൽ പുക നിറഞ്ഞതിനാൽ പുക നിയന്ത്രിച്ച ശേഷമാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. സോളാർ സംവിധാനം ഉപയോഗിച്ച് ഇ​-ഹെൽത്ത് പദ്ധതി ഏർപ്പെടുത്തുന്ന കേരളത്തിലെ ആദ്യ ആശുപത്രിയിലാണ് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് തീപിടുത്തമുണ്ടായത്.