chitra

തിരുവനന്തപുരം : പത്ത് മിനിട്ടിനുള്ളിൽ കൊവിഡ് രോഗം കണ്ടെത്താനുള്ള ടെസ്റ്റ് കിറ്റും ഉപകരണവും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. 'ചിത്ര ജീൻലാംപ്' എന്ന പേരിലുള്ള യന്ത്രം നിലവിൽ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ആർ.ടി.പി.സി.ആർ മെഷീനുകളെക്കാൾ വേഗത്തിലും കൃത്യതയോടെയും ഫലം ലഭ്യമാക്കുമെന്ന് മോളിക്യുലാർ മെഡിസിൻ സയൻറിസ്റ്റ് ഇൻ ചാർജ് ഡോ. അനൂപ് തെക്കുവീട്ടിൽ പറഞ്ഞു.

ആർ.ടി ലാംപ് ( റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ ലൂപ് മീഡിയേറ്റഡ് ഐസോ തെർമൽ ആംപ്ലിഫിക്കേഷൻ )​ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടെസ്റ്റ് കിറ്റ് സാർസ് കോവ്–2 വൈറസ് എൻ ജീനിന്റെ രണ്ട് തരങ്ങൾ കണ്ടെത്തുന്നതിനാൽ,​ ഒന്നിന് ജനിതക വ്യതിയാനം വന്നാലും ഫലം തെറ്റില്ല.നിലവിലെ ആർ.ടി.പി.സി.ആർ പരിശോധനയിൽ രണ്ട് ഘട്ടമായുള്ള പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇ – ജീൻ കണ്ടെത്തുന്നു. ചിത്ര ജീൻലാംപ് പരിശോധനയിൽ ഈ ഘട്ടം ആവശ്യമില്ല. സാമ്പിൾ ശേഖരണം ഉൾപ്പെടെ ആകെ വേണ്ടത് (പ്രോസസിംഗ് സമയം )​ രണ്ട് മണിക്കൂർ.ഫലം അറിയാൻ പത്ത് മിനിറ്റ് മതി.

ആലപ്പുഴയിലെ എൻ.ഐ.വിയിൽ നടന്ന പരിശോധനയിൽ യന്ത്രത്തിനും കിറ്റിനും 100ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഐ.സി.എം.ആർ അനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ്. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനായി സാങ്കേതികവിദ്യ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡിന് കൈമാറി. ഐ.സി.എം.ആറിന്റെ അനുമതിയും കേന്ദ്ര ഡ്രഗ് കൺടോൾ ലൈസൻസും ലഭ്യമായാൽ ഉൽപ്പാദനം ആരംഭിക്കും. ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്ച കൊണ്ടാണ് ജീൻലാംപ് എൻ വികസിപ്പിച്ചത്

@ ഒരു ബാച്ചിൽ 30 സാമ്പിൾ പരിശോധിക്കാം.

@ജില്ലാ ആശുപത്രികളിലെ ലാബുകളിലും 2.5 ലക്ഷം രൂപ ചെലവിൽ ടെസ്റ്റിംഗ് സൗകര്യം ഒരുക്കാം.

@പ്രകാശത്തിലെ മാറ്റം വിലയിരുത്തി മെഷീനിൽ നിന്ന് തന്നെ ഫലം അറിയാം.

@ഒരു ടെസ്റ്റിന് ആയിരം രൂപയിൽ താഴെ മാത്രമാണ് ചെലവ്.