തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച 27 പേർ കൂടി ഇന്നലെ രോഗമുക്തരായി. കാസർകോട് 24 പേരുടെയും എറണാകുളം, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എറണാകുളത്ത് എയർപോർട്ട് ഡ്യൂട്ടിക്കിടെ രോഗം ബാധിച്ച രണ്ട് ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സന്തോഷ്‌കുമാർ, കെ.കെ. അനീഷ് എന്നിവർക്കാണ് രോഗം ഭേദമായത്.
സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂരിൽ നാലു പേർക്കും കോഴിക്കോട്ട് രണ്ടു പേർക്കും കാസർകോട്ട് ഒരാൾക്കുമാണ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചു പേർ ദുബായിൽ നിന്നു വന്നവരാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കണ്ണൂരിലെ മൂന്നു പേരും കോഴിക്കോട്, കാസർകോട് ജില്ലകളിലുള്ള ഓരോരുത്തരുമാണ് ദുബായിൽ നിന്നു വന്നത്. കണ്ണൂരും കോഴിക്കോട്ടും ഒരാൾക്കു വീതമാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്.
ബ്രിട്ടീഷ് എയർവേയ്‌സിന്റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയിൽനിന്നും തിരുവനന്തപുരത്തു നിന്നുമായി 268 യാത്രക്കാരുമായി ബ്രിട്ടനിലേക്ക് പറന്നു. ഈ കൂട്ടത്തിൽ കൊവിഡ് രോഗം ഭേദപ്പെട്ട ഏഴ് വിദേശ പൗരന്മാരുമുണ്ട്. അവർ കേരളത്തിന് നന്ദി അറിയിച്ചിട്ടാണ് വിമാനം കയറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആകെ സ്ഥിതി
ഇതുവരെ വൈറസ് ബാധിച്ചത് - 394 പേർ
രോഗമുക്തിനേടിയത് - 245 പേർ
ലഭ്യമായതിൽ നെഗറ്റീവ് - 16,489
നിലവിൽ ചികിത്സയിലുള്ളവർ - 147 പേർ
നിരീക്ഷണത്തിലുള്ളത് - 88,855 പേർ
വീടുകളിൽ - 88,332 പേർ
ആശുപത്രികളിൽ - 523 പേർ