border

കുഴിത്തുറ: ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള അതിർത്തികളെല്ലാം അടച്ചിരിക്കുകയാണ്. കളിയിക്കാവിള,പാറശാല എന്നിവിടങ്ങളിലാണ് അതിർത്തി അടച്ചത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ളതുമായ ഇരുചക്ര വാഹനങ്ങൾ ഉൾപെടെയുള്ള വാഹനങ്ങളൊന്നും കേരളത്തിലേക്ക് കടത്താതെ ഇഞ്ചിവിളയിൽ തടഞ്ഞു.പൊലീസിന്റെയും കളക്ടറുടെയും അനുമതി വാങ്ങിഎത്തുന്ന വാഹനങ്ങളും ആശുപത്രിയിൽ പോകുന്ന രോഗികളുടെ വാഹനങ്ങളും ആരോഗ്യ പ്രവർത്തകരുടെ വാഹനങ്ങളും ഉൾപ്പെടെ പാറശാലയിൽ തടഞ്ഞ് തിരിച്ചയച്ചതായി പരാതിയുണ്ട്. കഴിഞ്ഞദിവസം രാവിലെ വൃക്ക തകരാർ മൂലം തിരുവന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ മരിച്ച നാഗർകോവിൽ സ്വദേശിയായ കിർഡോസ എന്നയാളുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരാനായി നാഗർകോവിൽ നിന്നു വന്ന വാഹനത്തെ ഇഞ്ചിവിളയിൽ പൊലീസ് തടഞ്ഞു.ഒടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് തിരുവന്തപുരത്തിൽ നിന്ന് മറ്റൊരു ആംബുലൻസിൽ ഇഞ്ചിവിളയിൽ എത്തിച്ചത്. പിന്നീട് മറ്റൊരു ആംബുലൻസിലാണ് മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.