pinarayi-serious

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ സംസ്ഥാനത്തിന് ആശ്വാസകരമായ പുരോഗതിയുണ്ടായതിനാൽ ജനജീവിതത്തിന് കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിലുണ്ടാകുമെന്ന പ്രഖ്യാപനത്തോടെ, കഴിഞ്ഞ മൂന്നാഴ്ചയായി മുടക്കമില്ലാതെ ദിവസവും വൈകിട്ട് ആറിന് നടത്തിയിരുന്ന വാർത്താസമ്മേളനം നിറുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ദിവസവും വൈകിട്ട് നാലിന് വിപുലമായ അവലോകനയോഗവും രാവിലെ മുതലുള്ള വിശകലനങ്ങളും കഴിഞ്ഞാണ് ആറിന് മാദ്ധ്യമങ്ങളെ കണ്ടിരുന്നത്.സംസ്ഥാനത്തെ എല്ലാ ചാനലുകളും ഇത് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഏറെ ജനപ്രീതി നേടിയ ഇൗ പരിപാടിയാണ് ഇന്നലെ അവസാനിപ്പിച്ചത്. 'ഇനി എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ നമുക്ക് കാണാം' എന്ന സൂചനയോടെയാണ് പതിവ് വാർത്താസമ്മേളനം അവസാനിപ്പിച്ച കാര്യം മുഖ്യമന്ത്രി അറിയിച്ചത്. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ളോക്കിൽ മുഖ്യമന്ത്രിയുടെ ഒാഫീസ് സ്ഥിതി ചെയ്യുന്ന മൂന്നാം നിലയിലെ കോൺഫറൻസ് ഹാളിൽ വീഡിയോ, വെർച്ച്വൽ സംവിധാനങ്ങളോടെയായിരുന്നു വാർത്താസമ്മേളനം. താഴത്തെ നിലയിലെ കോൺഫറൻസ് ഹാളിൽ പ്രത്യേക കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മാദ്ധ്യമപ്രവർത്തകർ പങ്കെടുത്തിരുന്നത്..

സംസ്ഥാനത്ത് ജനജീവിതം സുഗമമാക്കുന്നതിനും അവർക്ക് ആശ്വാസം നൽകുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പുതിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനായി ഇന്നുതന്നെ നടപ‌ടികളാരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന്, കഴിഞ്ഞ മൂന്ന് ദിവസമായി കത്തിനിൽക്കുന്ന സ്പ്രിൻക്ളർ വിവാദത്തിൽ ഇന്നലെ മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ' വാർത്താസമ്മേളനം നീണ്ടുപോയി. അതെല്ലാം വിശദീകരിക്കാൻ സമയവുമില്ല. പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലാക്കാൻ കൂടുതൽ സമയമെടുക്കും. അതിന് ശേഷം നോക്കാം' -അദ്ദേഹം പറഞ്ഞു.