തിരുവനന്തപുരം : താറാവ് മപ്പാസും കള്ളപ്പവും അടക്കമുള്ള കുട്ടനാടൻ വിഭവങ്ങൾ തലസ്ഥാന നഗരിക്ക് ആദ്യമായി പരിചയപ്പടുത്തിയ റസ്റ്റോറന്റ് വ്യവസായിയായിരുന്നു ഇന്നലെ അന്തരിച്ച സ്റ്റാച്യുവിലെ കേരള ഹൗസ് ഹോട്ടലിന്റെ ഉടമ കെ.എം. കുഞ്ചപ്പൻ. കരിമീൻ പൊള്ളിച്ചതും കുടംപുളിയിട്ട മീൻകറിയും കൂട്ടിയ ഊണ് ഇന്ന് പരിചിതമാണെങ്കിലും നാൽപത് വർഷം മുൻപ് തലസ്ഥാന നഗരിക്ക് ഇതൊരു പുതുമയായിരുന്നു.
ബാംഗ്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ നിന്നും ബി.കോം കഴിഞ്ഞശേഷം കോവളത്തെ ഫോർ സ്റ്റാർ ഹോട്ടലായ ബെലയറിൽ ഫ്രണ്ട് ഓഫീസ് മേനേജരായാണ് കുട്ടനാട് നെടുമുടിയിൽ നിന്ന് 1976 ൽ കുഞ്ചപ്പൻ തലസ്ഥാന നഗരിയിലേക്ക് എത്തുന്നത്. പിന്നീട് ബാംഗ്ലൂരിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാഭ്യാസം നേടി. തുടർന്ന് ചില പാർട്ണർമാരോടൊപ്പം ചേർന്ന് 1980ൽ സ്റ്റാച്യുവിൽ വാടകക്കെട്ടിടത്തിൽ കേരളഹൗസ് ഹോട്ടൽ തുടങ്ങി. വിഭവങ്ങളുടെ രുചിഭേദങ്ങൾ കേട്ടറിഞ്ഞ് രാഷ്‌ടീയക്കാരും സിനിമക്കാരുമടക്കം ഇവിടത്തെ നിത്യസന്ദർശകരായി. പിന്നീട് പാർട്ണർമാർ മാറുകയും സ്വന്തമായി സ്ഥാപനത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. ഭാര്യ മേരിക്കുട്ടിയ്ക്കായിരുന്നു പണപ്പെട്ടിയുടെ ചുമതല. പാത്രം കഴുകാനും ഓർഡർ എടുക്കാനുമെല്ലാം കുഞ്ചപ്പൻ ഓടിനടന്നു.
1995 ൽ സ്റ്റാച്യുവിലെ ബഹുനില മന്ദിരത്തിൽ സ്വന്തമായി സ്ഥലം വാങ്ങി സ്ഥാപനം വിപുലമായി തുടങ്ങി. 2006ൽ എ.കെ.ജി സെന്ററിന് സമീപത്തായി കുട്ടനാട് റസ്റ്റോറന്റ് എന്ന മറ്റൊരു സ്ഥാപനം ആരംഭിക്കുകയും അവിടെ ശ്രദ്ധിക്കുകയും ചെയ്തു. ഇതോടെ കേരളഹൗസിന്റെ ചുമതല മക്കളായ അന്നുവിനെയും ചിന്നുവിനെയും ഏല്പിച്ചു. ലോക് ഡൗണിന്റ ആദ്യദിവസങ്ങളിൽ നാല്പതോളം ആരോഗ്യപ്രവർത്തകർക്ക് കുട്ടനാട് റസ്റ്റേറന്റിൽ നിന്ന് മൂന്നു നേരവും ഭക്ഷണം എത്തിക്കാനുള്ള ചുമതല കുഞ്ഞപ്പൻ നിർവഹിച്ചിരുന്നതായി മകൾ അന്നു കുഞ്ചപ്പൻ പറഞ്ഞു.