വട്ടിയൂർക്കാവ്: പച്ചക്കറി കടയുടെ മറവിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ വൃദ്ധ പിടിയിൽ. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശി ഓമനഅമ്മ (62) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇവർ കുലശേഖരത്തെ 'ദേവനന്ദ' എന്ന വീട് വാടകയ്ക്ക് എടുത്തശേഷം വീടിനടുത്ത് ഒരു പച്ചക്കറി സ്റ്റാൾ ആരംഭിക്കുകയായിരുന്നു. വീടിനുള്ളിലാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വന്നിരുന്നത്. ഇവരിൽനിന്ന് 400ഓളം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കന്റോൺമെന്റ് എ.സി സുനീഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് സി.ഐ എ.എസ് ശാന്തകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുവർണ കുമാർ,നിത്യ സത്യൻ,എസ്.സി.പി.ഒ അനൂപ്,സി.പി.ഒമാരായ ഹരികുമാർ,അരുൺകുമാർ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.