gokulam-

ശ്രീഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിന്റെ സാരഥിയും സിനിമാ നിർമ്മാതാവും ടെലിവിഷൻ മേധാവിയുമൊക്കെയായ ഗോകുലം ഗോപാലൻ തികഞ്ഞ ബിസിനസുകാരനാണ്. എന്നാൽ, കൊവിഡും പിന്നാലെ ലോക്ക് ഡൗണും വന്നതോടെ ബിസിനസ് കാര്യങ്ങളെല്ലാം മാറ്റിവച്ച് അദ്ദേഹം തികഞ്ഞ മനുഷ്യസ്നേഹിയായി മണ്ണിലിറങ്ങി. ചെന്നൈയിലെ മലയാളികളുടെ എന്താവശ്യത്തിനും ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ പ്രസിഡന്റു കൂടിയായ ഗോപാലൻ ചേട്ടൻ ഇപ്പോൾ മുന്നിലുണ്ട്.

രണ്ടു ദിവസം മുമ്പാണ് സംഭവം. ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തിയ കോഴിക്കോട് സ്വദേശിക്ക് ഉടൻ നാട്ടിലേക്ക് മടങ്ങണം. ബന്ധുക്കൾ സഹായം അഭ്യർത്ഥിച്ചെത്തിയത് ചെന്നൈയിലെ 'നോർക്ക' ഓഫീസിൽ. അവിടെ നിന്ന് വിവരം ഗോകുലം ഗോപാലന്റെ ഫോണിലെത്തി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. യാത്ര ചെയ്യാൻ ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ്, പൊലീസിന്റെ അനുവാദം ഇതെല്ലാം ശരിയാകുന്നു. നാട്ടിലെത്തിയ രോഗി ഹാപ്പി. നാട്ടിലേക്ക് അയച്ച ഗോകുലം ഗോപാലൻ അതിലേറെ ഹാപ്പി. ലോക്ക് ഡൗണിൽപ്പെട്ട് ബിസിനസ് തിരക്ക് കുറഞ്ഞെന്നുകരുതി വീട്ടിൽ വെറുതെയിരിക്കുകയല്ല അദ്ദേഹം.

ചെന്നൈ ഗ്രീംസ് റോ‌ഡിലുള്ള കെ.ടി.ഡി.സി ഹോട്ടലിന്റെ ആദ്യനിലയിലാണ് നോർക്ക ഓഫീസ് പ്രവർത്തിക്കുന്നത്. കൊവിഡ് വ്യാപനം സ്ഥിരീകരിച്ചതോടെ അവിടെ കൺട്രോൾ റൂം തുറന്നു. താമസിയാതെ, സേവന സന്നദ്ധമായി ആൾ ഇന്ത്യാ മലയാളി അസോസിയേഷനുമെത്തി. സഹായം അഭ്യർത്ഥിച്ച് ദിവസവും നിരവധി മലയാളികളാണ് ഗോകുലം ഗോപാലന്റെ മുന്നിലെത്തുന്നത്. മിക്കവരുടെയും ആവശ്യം നാട്ടിലേക്ക് പോകണമെന്നതാണ്. കാരണം, കേരളത്തിലെത്തിയാൽ സുരക്ഷിതരാണ് എന്ന ബോധം ഇപ്പോൾ എല്ലാവർക്കുമുണ്ടെന്ന് ഗോകുലം ഗോപാലൻ പറയുന്നു. ലോക്ക് ഡൗൺ കാലത്ത് പാലിക്കേണ്ട മര്യാദയും യാത്ര ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങളും വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയുമെല്ലാം ഗോകുലം ഗോപാലൻ അത്തരക്കാരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തും. ''നിങ്ങൾ വിദ്യാഭ്യാസമുള്ള ആളല്ലേ, നിങ്ങളിങ്ങനെ വാശിപിടിക്കാമോ ?​ ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ടല്ലോ. എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുകയാണ് പതിവ്. അതേസമയം അത്യാവശ്യക്കാരെ നാട്ടിലെത്തിക്കാനുളള സഹായം ഒരുക്കുകയും ചെയ്യും'' അദ്ദേഹം പറയുന്നു.

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ കേരളത്തിന് നല്ല പേരാണ്. തമിഴ്നാട്ടിലും നല്ല രീതിയിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. അവർക്കൊപ്പം ഞങ്ങളെ കൊണ്ടു കഴിയുന്നത് ചെയ്യുന്നുവെന്നു മാത്രം. ഹെൽപ്പ് ലൈൻ നമ്പരിൽ വിളിക്കുന്നവർക്ക് ഭക്ഷണവും ​താമസ സൗകര്യവും നൽകുന്നുണ്ട്.

 സമൂഹമില്ലെങ്കിൽ എന്ത് ബിസിനസ്?

ലോക്ക് ഡൗണിനെ തുടർന്ന് ബിസിനസ് ആകെ ലോക്കായതിന്റെ അങ്കലാപ്പൊന്നും ഗോകുലം ഗോപാലനില്ല. മേയ് മൂന്നുവരെ ലോക്ക് ഡൗൺ നീട്ടിയത് നല്ലകാര്യമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ''രാജ്യം ആരോഗ്യത്തോടെ മുന്നോട്ടു പോകണമെങ്കിൽ ഇത് അത്യാവശ്യമാണ്. ഇപ്പോൾ അല്പം ബുദ്ധിമുട്ട് സഹിച്ചാൽ ഇന്ത്യ രോഗവിമുക്തമാകും. വലിയൊരു ദുരന്തമാണ് ഈ രോഗം. ഇത് നമ്മളെ വിഴുങ്ങാൻ നോക്കുകയാണ്. എല്ലാവരും അകലം പാലിച്ച് രോഗ വിമുക്ത നാട് എന്ന ലക്ഷ്യത്തിലെത്തണം. ഓരോരുത്തരും തോന്നിയതു പോലെ നടന്നാൽ അപകടമാണ്. അകലം സംരക്ഷിച്ച്, സൗഹൃദം പാലിക്കുക അതാണ് വേണ്ടത് '' അദ്ദേഹം പറയുന്നു.

ബിസിനസിൽ മുഴുവൻ നഷ്ടമാണ്. പക്ഷേ, ഞാനിപ്പോൾ ബിസിനസല്ല, സമൂഹത്തെയാണ് നോക്കുന്നത്. എന്റെ സ്റ്റാഫുകളോട് പറഞ്ഞു ; നിങ്ങൾ ബേജാറാകണ്ട, ശമ്പളം ഞാൻ തരും. കഴിഞ്ഞ മാസത്തെ ശമ്പളം കൊടുത്തു. അടുത്ത മാസത്തെ ശമ്പളവും കൊടുക്കും. അവർ പാവപ്പെട്ടവരാണ്. നമ്മളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അവർ വീട്ടിൽ തന്നെ ഇരിക്കണമെന്ന് പറയുമ്പോൾ ചെലവിന് പണം കൊടുക്കണ്ടേ?​ മുംബയിലെ നമ്മുടെ സ്ഥാപനങ്ങളിലുള്ളവർ വലിയെ ടെൻഷനിലാണ്. അവിടെ ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനിക്ക് 15 ബ്രാഞ്ചുണ്ട്. എല്ലാം അടച്ചു. ഹോട്ടലുകൾ അടച്ചു. വരുമാനം നിലച്ചു. കാശ് പിന്നെയും ഉണ്ടാക്കാം, ജീവൻ പോയാൽ എല്ലാം പോയില്ലേ. സഹോദരങ്ങൾ ഇല്ലെങ്കിൽ നമ്മൾ ജീവിച്ചിട്ട് കാര്യമില്ലല്ലോ. നമ്മളെ സ്നേഹിക്കുന്ന ഒരു സമൂഹം കൂടെ വേണമല്ലോ. സമൂഹം ഇല്ലെങ്കിൽ എന്ത് ബിസിനിസ്?​ എന്ത് ജീവിതം?​ എല്ലാവരും സുഖമായിരിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്റെ ഭാര്യയും മക്കളും വീട്ടിൽ തന്നെയുണ്ട്.

 അദ്ധ്വാനത്തിന്റെ വില നന്നായിട്ടറിയാം

ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലം. വീട്ടിൽ നിന്ന് കോളേജിലേക്കുള്ള ദൂരം ഏഴു കിലോമീറ്റർ. ദിവസവും നടക്കുന്നത് 14 കിലോമീറ്റർ. ജീവിതത്തിൽ എന്തെങ്കിലുമൊക്കെയാകാൻ പിന്നെയും ഒരുപാട് ഓടിയിട്ടുണ്ട്. പ്രായം 76ൽ എത്തിയിട്ടും ഗോകുലം ഗോപാലൻ കിതയ്‌ക്കാത്തത് അതുകൊണ്ടാണ്. കോളേജിൽ പഠിക്കുമ്പോൾ സ്വന്തം കാര്യം നോക്കിയത് ട്യൂഷനെടുത്താണെന്നും അദ്ദേഹം പറയുന്നു.

വടകരയിൽ അറിയപ്പെടുന്ന അമ്പലത്തുമേതിൽ കുടുംബത്തിൽ എ.എം.ചാത്തുവിന്റെയും മാതുവിന്റെയും മൂത്ത മകൻ ഗോപാലനോട് പഠിച്ച് മുന്നോട്ടു പോകണമെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. അതുനേടാൻ കുറച്ചു കൂടുതൽ ബുദ്ധിമുട്ടേണ്ടിവന്നു. പഠിക്കാൻ പണമില്ലാത്ത നിരവധിപേർക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ കരുണയെത്തുന്നുണ്ട്. അതൊന്നും ആരും അറിയാറില്ലെന്ന് മാത്രം.

1968ൽ ചെന്നൈയിലെ മൈലാപ്പൂരിലാണ് ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയത്. ഇന്ന് ഗോകുലം ചിറ്റ്സിന് രാജ്യതലസ്ഥാനമായ ഡൽഹിയിലുൾപ്പെടെ ബ്രാഞ്ചുകളുള്ള ധനകാര്യ സ്ഥാപനമായി വളർന്നു കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും ആതുരാലയങ്ങളും ഒടുവിൽ ടെലിവിഷൻ ചാനലുകളായും വളർന്നപ്പോഴും ലാളിത്യം അദ്ദേഹത്തിൽ നിന്ന് വിട്ടുപോയില്ല. ''ഓരോ ദിവസം സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ആളാണ് ഞാൻ. ലാഭം കിട്ടിയാൽ അത് നാട്ടുകാർക്ക് പ്രയോജനം ചെയ്യുന്ന കാര്യത്തിനായി വിനിയോഗിച്ചിട്ടുണ്ട്. ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിങ്ങനെ മറ്റുള്ളവരെ സഹായിക്കുന്ന സംരംഭങ്ങളാണ് തുടങ്ങിയത്. അതിലൂടെ പലരുടെയും കണ്ണീരൊപ്പാനും കഴിയുന്നുണ്ട് ''തികഞ്ഞ ചാരിതാർത്ഥ്യത്തോടെ അദ്ദേഹം പറയുന്നു.