ട്രെന്റോൺ : യു.എസിലെ ന്യൂജേഴ്‌സിയിൽ ഒരു നഴ്‌സിംഗ് ഹോമിൽ നിന്നും 17 മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി. ന്യൂജേഴ്‌സിയിലെ ഏറ്റവും വലിയ നഴ്‌സിംഗ് ഹോമായ ഇവിടെ ഒരു ഷെഡിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ഷെഡിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. നഴ്സിംഗ് ഹോമിലെ മോർച്ചറി സംവിധാനം നിറഞ്ഞ നിലയിലായിരുന്നു. ഈ നഴ്‌സിംഗ്ഹോമുമായി ബന്ധപ്പെട്ട് ആകെ 68 പേരാണ് ഇതേവരെ മരിച്ചത്. ഇതിൽ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ രണ്ട് ജീവനക്കാരും ഉൾപ്പെടുന്നു.
കഴിഞ്ഞാഴ്ച മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള 25 ബാഗുകൾ നൽകണമെന്നാവശ്യപ്പെട്ട് നഴ്സിംഗ് ഹോം അധികൃതർ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചിരുന്നു. അതേ സമയം, നഴ്‌സിംഗ് ഹോമിൽ ഒരു മൃതദേഹം ഷെഡിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന ഫോൺ കോളിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു.
എന്നാൽ നാല് മൃതദേഹങ്ങൾ മാത്രം സൂക്ഷിക്കാൻ കഴിയുന്ന നഴ്‌സിംഗ് ഹോമിലെ മോർച്ചറിയിൽ 17 മൃതദേഹങ്ങൾ നിറച്ചിരിക്കുന്ന കാഴ്‌ചയാണ് പൊലീസ് കണ്ടത്. മരിച്ച 17 പേർക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന് വ്യക്തമല്ല. 13 മൃതദേഹങ്ങൾ അടുത്തുള്ള ആശുപത്രിയിലെ ശീതീകരിച്ച ട്രക്കുകളിലേക്കും മൂന്നെണ്ണം ശ്‌മശാനത്തിലേക്കും മാറ്റി. രണ്ട് കെട്ടിടങ്ങളിലായി 700 കിടക്കകളാണ് നഴ്‌സിംഗ് ഹോമിനുള്ളത്. ഇതിൽ രണ്ടാമത്തെ കെട്ടിടത്തിൽ മാത്രം 65 പേർ മാർച്ച് 31 മുതൽ മരിച്ചതായി ജീവനക്കാർ പറയുന്നു. 76 രോഗികളും 41 ജീവനക്കാരും നിലവിൽ ഇവിടെ കൊവിഡ് ചികിത്സയിലാണ്.
ന്യൂജേഴ്‌സിയിൽ വിവിധ കെയർഹോമുകളിലുള്ള 60,000 പേരിൽ 10 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ന്യൂജേഴ്‌സിയിൽ ഇതേവരെ 71,000 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 3,100 പേർ രോഗം മൂലം മരിച്ചു.