തിരുവനന്തപുരം- ആർ.സി.സിയിൽ ചികിത്സയ്ക്കായെത്തി ലോ‌ഡ്ജിൽ താമസിച്ചുവന്ന തിരുനെൽവേലി സ്വദേശി കൃഷ്ണനെ(48) മെഡിക്കൽ കോളേജിന് സമീപത്തെ ലോ‌ഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുല‌ർച്ചെയായിരുന്നു സംഭവം. കാൻസർ ബാധിതനായ കൃഷ്ണൻ ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. കീമൊതെറാപ്പി ചെയ്യാനായി മെഡിക്കൽ കോളേജിന് സമീപത്തെ ലോ‌ഡ്ജിൽ ഭാര്യയ്ക്കൊപ്പം കഴിഞ്ഞുവന്ന ഇയാളെ നേരം പുലർന്നപ്പോൾ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ ലോ‌‌ഡ്ജ് ജീവനക്കാർ കൃഷ്ണനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.