ന്യൂഡൽഹി:കോവിഡ് ബാധിതയെന്ന് സംശയിക്കുന്ന യുവതി മരിച്ചതോടെ ഡൽഹി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 68 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയായ യുവതിയാണ് മരിച്ചത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദേശിച്ചിരുന്ന യുവതി അസുഖം കടുത്തതോടെയാണ് ആശുപത്രിയിൽ എത്തിയത്. ഡൽഹിയിലെ ഭഗവാൻ മഹാവീർ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പക്ഷേ വിദേശയാത്ര നടത്തിയ വിവരം ഡോക്ടർമാരെ അറിയിച്ചില്ല.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ കഴിഞ്ഞ ദിവസങ്ങളിൽ രോഗം കടുത്തതോടെയാണ് വിദേശത്ത് പോയി വന്നിരുന്ന കാര്യം ഡോക്ടർമാരോട് വെളിപ്പെടുത്തിയത്. ആരോഗ്യനില കൂടുതൽ വഷളായ ഇവർ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇതോടെയാണ് ആശുപത്രിയിൽ ഇവരുമായി ഇടപഴകിയ 68-പേരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്. ഇവരുടെ സാംപിൾ പരിശോധന ഫലം ലഭ്യമായിട്ടില്ല.