തിരുവനന്തപുരം:കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പുകൾ നടത്താനുള്ള സാധ്യത തള്ളി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. കേരളത്തിൽ മാത്രമായി തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയില്ലെന്നും, ലോക്ക് ഡൗണിന് ശേഷം തിരഞ്ഞടുപ്പ് നടത്താനുള്ള സാവകാശം രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
നിയമസഭയ്ക്ക് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പുകൾ നടത്താനാവുകയുള്ളൂ. 2021 മെയ് 25 ന് പിണറായി സർക്കാരിന്റെ കാലാവധി തീരും. മെയ് മൂന്നിന് ലോക്ഡൗൺ അവസാനിച്ചാലും ജനജീവിതം സാധാരണ നിലയിലാവാൻ പിന്നെയും സമയമെടുക്കും. തിരഞ്ഞെടുപ്പ് നടക്കുന്നുവെങ്കിൽ മെയ് 25ന് മുമ്പ് നടക്കണം. എന്നാൽ ഇതിനുള്ള സാധ്യതയില്ലെന്നാണ് ടിക്കാറാം മീണ പറയുന്നത്. ലോക്ക് ഡൗണിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേരും. എന്നാൽ ഒരു സംസ്ഥാനത്തേക്ക് മാത്രം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ല. വോട്ടെടുപ്പ് തീയതിക്ക് ഒരു മാസം മുൻപെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതാണ് സാധാരണ രീതി. ലോക്ക് ഡൗൺ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വൈകിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.