വാഷിങ്ടൺ: കൊവിഡ് അമേരിക്കയിൽ കെട്ടടങ്ങാതെ നിൽക്കുമ്പോൾ ലോക്ക് ഡൗണിൽ അയവുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുത്തൻ ചുവടുവയ്പ്. അമേരിക്ക തുറന്നിടാനും അമേരിക്കക്കാർ പുറത്തുവരാനും ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.
ദേശീയ അടച്ചുപൂട്ടൽ ശാശ്വത പരിഹാരമല്ല. നീണ്ടുനിൽക്കുന്ന ലോക്ക് ഡൗൺ പൊതുജനാരോഗ്യത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കും. മയക്കുമരുന്ന് ഉപയോഗം, മദ്യപാനം, ഹൃദ്രോഗം, മറ്റ് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ എന്നിവ കുത്തനെ ഉയരും. അതുകൊണ്ട് ലോക്ക് ഡൗണിൽ ഇളവ് വരുത്തുകയാണ്.
ലോക്ഡൗൺ മൂന്നുഘട്ടമായി ലഘൂകരിച്ചുകൊണ്ടുള്ള മാർഗനിർദ്ദേശങ്ങളും ട്രംപ് പുറത്തുവിട്ടു. ആദ്യഘട്ടത്തിൽ ശാരീരിക അകലം കർശനമായി പാലിച്ച് ഭക്ഷണ ശാലകൾ, ആരാധനാലയങ്ങൾ, കായിക വിനോദ കേന്ദ്രങ്ങൾ എന്നിവ തുറക്കും. രണ്ടാംഘട്ടത്തിൽ എല്ലാ യാത്രകളും, സ്‌കൂളുകളും ബാറുകളും തുറക്കും. മൂന്നാംഘട്ടത്തിൽ മറ്റ് വലിയ ഇളവുകളും ജോലി സ്ഥലങ്ങളും നിയന്ത്രണങ്ങളോടെ തുറക്കും.