തിരുവനന്തപുരം: ലോക്ക്‌ഡൗൺ കാലത്ത് വീട്ടിൽ ഇരുന്ന് മുഷിയുന്നവർക്ക് ആശ്വാസമായി നഗരസഭയുടെ വിത്തും വളവും പദ്ധതി. വീടിന് പുറത്തിറങ്ങാനാകാതെ ബോറടിക്കുന്നവർക്ക് വീട്ടുമുറ്റത്ത് അടുക്കളത്തോട്ടമുണ്ടാക്കാനുള്ള വിത്തും വളക്കൂട്ടും നഗരസഭ നൽകും. വിത്തും തൈകളും ജൈവവളവുമടങ്ങിയ കിറ്റുകളായാണ് വിതരണം. 100 വാർഡുകളിലായി 20,000 കിറ്റുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കിറ്റിനോടൊപ്പം ഞാറ്റുവേല കലണ്ടർ, കാർഷിക നിർദേശങ്ങൾ, കീട നിയന്ത്രണം തുടങ്ങിയവയെക്കുറിച്ചുള്ള ബുക്ക് ലെറ്റുകൾ, ബ്രോഷറുകൾ എന്നിവയും നൽകുന്നുണ്ട്.
ഹെൽത്ത് സർക്കിൾ ഓഫീസുകൾ മുഖേന ഇവ വിതരണം ചെയ്യും. നഗരസഭയുടെ എയ്‌റോബിക് ബിന്നുകൾ, കിച്ചൺ ബിന്നുകൾ എന്നിവയിൽനിന്ന് ശേഖരിക്കുന്ന കമ്പോസ്റ്റും വെച്ചൂർ പശുവിന്റെ ചാണകവും സംയോജിപ്പിച്ചാണ് വളക്കൂട്ട് തയ്യാറാക്കുന്നത്. കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ കിറ്റ് കൗൺസിലർ ബിന്ദു ശ്രീകുമാറിന് നൽകി മന്ത്രി ഡോ. ടി.എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്തു. മേയർ കെ.ശ്രീകുമാർ, വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ വഞ്ചിയൂർ പി ബാബു, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് റോയ്, കൃഷി ഓഫീസർമാരായ ടി.എം ജോസഫ്, വി.എസ് ഷിനു എന്നിവർ പങ്കെടുത്തു.