ദുബായ്: ഗൾഫിലെ മലയാളികൾ പേടിയുടെ തീരത്താണ്. കൊവിഡ് ബാധിക്കുന്നവരിലധികവും മലയാളികൾ. കുവൈറ്റിലാണ് ഏറ്റവും കൂടുതൽ മലയാളികൾക്ക് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 860 ആയി.
വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ രോഗനിരീക്ഷണം കർശനമാക്കി. സൗദിയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത് 6380. ഇവിടെ 83 പേർ മരിച്ചു. യു.എ.ഇയിൽ 5825 പേർക്ക് രോഗം സ്ഥിരീകരിച്ചു. 35 പേർ മരിച്ചു. ഖത്തർ 4103, ബഹറൈൻ 1700, കുവൈറ്റ് 1524, ഒമാൻ 1019 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗൾഫ് രാജ്യങ്ങളിലെ മൊത്തം കൊവിഡ് ബാധിതർ 20,551ആയി. 139 പേർ മരിച്ചു.
യു.എ.ഇയിലെ ലേബർ ക്യാമ്പുകളിലും ഒറ്റമുറികളിലും കഴിയുന്ന ഇന്ത്യക്കാരായ രോഗബാധിതരെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യയുടെ മേൽനോട്ടത്തിൽ ദുബായിലെ ബർദുബായിൽ ക്വാറന്റൈൻ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. 500 പേർക്ക് കഴിയാൻ സൗകര്യമുള്ള ഇവിടേക്ക് അടുത്തദിവസം തന്നെ രോഗബാധിതരെ മാറ്റിപ്പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.