jeeva
നഗരത്തിലെ ഒരു ജീവനി സഞ്ജീവനി മാർക്കറ്റ്

തിരുവനന്തപുരം: ലോക്ക് ഡൗണിൽപെട്ട് വീട്ടിലിരിക്കുമ്പോൾ കറിവയ്ക്കാൻ പച്ചക്കറികളോ വാങ്ങാൻ പണമോ ഇല്ലെന്ന് കരുതി വിഷമിക്കേണ്ട. നിങ്ങളുടെ വീട്ടിലുള്ള പപ്പായയോ, കപ്പയോ, മാങ്ങയോ തേങ്ങയോ എന്തുമാകട്ടെ അതുമായി കൃഷി വകുപ്പിന്റെ ജീവനി സഞ്ജീവനി കർഷക സൗഹൃദ ചന്തകളിലെത്തിയാൽ ബാർട്ടർ സമ്പദ്രായപ്രകാരം നിങ്ങൾക്കാവശ്യമുള്ള സാധനങ്ങൾ പകരമെടുത്ത് മടങ്ങാം. വീട്ടിൽ കാർഷിക ഉത്പന്നങ്ങൾ ഒന്നുമില്ലാത്തവർക്ക് പണം നൽകി ആവശ്യമുള്ള നാടൻ പച്ചക്കറികൾ വാങ്ങുകയും ചെയ്യാം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറയുകയും അമിതവിലയും കാരണം നഗരത്തിലെ ജീവനി സഞ്ജീവനി വിപണികളിൽ തിരക്കേറിയിരിക്കുകയാണ്.

നഗരത്തിൽ ഏഴിടങ്ങളിലാണ് കൃഷിവകുപ്പിന്റെ സഹായത്തോടെ ജീവനി സഞ്ജീവനി കർഷക സൗഹൃദ നാട്ടുചന്തകൾ പ്രവർത്തിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ഒരു കേന്ദ്രം എന്ന നിലയിലാണ് പ്രവർത്തനം.

ചന്തകൾ പ്രവർത്തിക്കുന്ന ദിവസവും സ്ഥലങ്ങളും: ഞായർ- വി വി യോഗ സെന്റർ, ശാസ്തമംഗലം, തിങ്കൾ-കരമന എസ്.എം.ആർ.സി സ്കൂൾ, ചൊവ്വ- കൈതമുക്ക് സഖാവ് ഹോട്ടലിന് മുൻവശം, ബുധൻ- വട്ടിയൂർക്കാവ് , വ്യാഴം- നർമദ ഷോപ്പിംഗ് കോംപ്ലക്സ്, കവടിയാർ, വെള്ളി- പോങ്ങുംമൂട് കോർപറേഷൻ കോംപ്ലക്സ്-, ശനി- പരുത്തിപ്പാറ എത്നിക് വീവ്സ് മുൻവശം.നഗരസഭയുടെയും സ്വസ്ഥി ഫൗണ്ടേഷൻ, ഐ.എം.എ, ചേംബർ ഓഫ് കൊമേഴ്സ്, നർമദാ കോംപ്ലക്സ്, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, ബി ഹബ് എന്നിവരുടെയും നേതൃത്വത്തിലാണ്‌ ജീവനി സഞ്ജീവനിയുടെ പ്രവർത്തനം. ആരോഗ്യ വകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിപണി. ലോക്ക്ഡൗൺ മൂലം വിപണി കണ്ടെത്താൻ കഴിയാത്ത കർഷകരിൽനിന്ന്‌ നഗരസഭ നേരിട്ടും വിഭവങ്ങൾ ശേഖരിക്കുന്നുണ്ട്. കൃഷി ഓഫീസർ നിശ്ചയിച്ച് നൽകുന്ന വിലയിലാണ് വിഭവശേഖരണം. ഇവ സമൂഹ അടുക്കളകളിലേക്കാണ്‌ നൽകുക. ഫോൺ: 8590036770.