കുവൈറ്റ്: പൊതുമാപ്പിനുള്ള ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പുരുഷന്മാർക്കുള്ള ഫർവാനിയ ബ്ലോക്ക് ഒന്ന് സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ ബിൻ മസൂദ് ബോയ്സ് സ്‌കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് വൺ സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്‌കൂൾ എന്നീ നാല് സെന്ററുകളിലും കനത്ത തിരക്കാണ്.
രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെയാണ് രജിസട്രേഷൻ. ഏപ്രിൽ 20 വരെ ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്യാം. കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ളവർ യാത്രക്ക് തയാറെടുത്ത് ലഗേജ് ഉൾപ്പെടെയാണ് വരേണ്ടത്. യാത്ര ദിവസം വരെ കുവൈറ്റ് അധികൃതർ ഇവർക്ക് താമസമൊരുക്കും. പാസ്പോർട്ട്, സിവിൽ െഎഡി, എമർജൻസി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊന്നും കൈവശമില്ലാത്തവർ ഫർവാനിയ ബ്ലോക്ക് ഒന്നിലെ ഗേൾസ് പ്രൈമറി സ്‌കൂളിൽ തിരിച്ചറിയൽ പരിശോധനക്ക് എത്തണം. ഈ ഘട്ടത്തിൽ ഇവരെ ഷെൽട്ടറിലേക്ക് മാറ്റില്ല. അതുകൊണ്ടു ഇങ്ങനെയുള്ളവർ യാത്രക്കുള്ള ലഗേജ് കൊണ്ടുവരേണ്ട.