വർക്കല: കൊവിഡ് 19 നെ തുടർന്ന് ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ തൊഴിൽ സാഹചര്യങ്ങൾ മോശമായതിനെ തുടർന്ന് യാത്രാവിലക്ക് നീങ്ങുന്നതോടെ പ്രവാസികളുടെ വലിയ ഒഴുക്ക്ത ന്നെ നാട്ടിലേക്കുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാനായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് ക്വാറന്റൈൻ സെന്ററുകൾ ഒരുക്കിത്തുടങ്ങി. എട്ട് ഇടങ്ങളാണ് ഗ്രാമപഞ്ചായത്ത് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും തൊഴിലെടുക്കുന്ന പ്രവാസികൾ കൂടുതലുള്ള പ്രദേശമാണ് ചെമ്മരുതി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 350ഓളം പേരാണ് ക്വാറന്റൈനിൽ കഴിഞ്ഞത്. 375 പേർക്ക് ദിവസേന കമ്മ്യൂണിറ്റി കിച്ചൺ വഴി പൊതിച്ചോറും നൽകി വരുന്നു.