ടെൽ അവീവ്: ഇസ്രയേലിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെതിരെ പ്രക്ഷോഭം കനക്കുന്നു. പ്രക്ഷോഭകരെ പരിച്ചുവിടാൻ പൊലീസ് നടത്തിയ ഗ്രേനേഡ് പ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പലയിടത്തും സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. തീവ്ര യാഥാസ്ഥിതിക ജൂത വിഭാഗമായ ഹരേദികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
വ്യാഴാഴ്ച രാത്രി ജറുസലമിലെ മിയ ഷീരിം പ്രദേശത്താണ് പ്രക്ഷോഭം തുടങ്ങിയത്. ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്മാൻ വ്യാഴാഴ്ചയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണിൽ തങ്ങളുടെ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി വിവേചനം കാണിച്ചുവെന്ന് ആരോപിച്ചാണ് ഹരേദി വിഭാഗം തെരുവിലിറങ്ങിയത്. മത നേതൃത്വത്തിന്റ ആഹ്വാന പ്രകാരമാണ് കൂട്ടത്തോടെ പ്രക്ഷോഭത്തിനിറങ്ങിയത്.
ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനെപ്പറ്റി നേരത്തെ നടന്ന ചർച്ചയിൽ മന്ത്രിസഭയിലെ ഹരേദി പ്രതിനിധികൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിനെഅവഗണിച്ചാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഇത് ഹരേദി വിഭാഗത്തെ ചൊടിപ്പിച്ചു. ലോക്ക് ഡൗൺ ഏർപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ പ്രക്ഷോഭം തുടങ്ങുകയായിരുന്നു.