തഞ്ചാവൂർ: ഒന്ന് ആളാകാൻ നോക്കിയതാ. പക്ഷേ, സംഗതി പാളി. കൊവിഡിൽ സമൂഹവിരുന്നൊരുക്കി നല്ല പിള്ള ചമയാൻ നോക്കിയയാളെയും സുഹൃത്തുക്കളെയും പൊലീസ് പൊക്കി.
തമിഴ്നാട് തഞ്ചാവൂർ ജില്ലയിലാണ് സംഭവം. ത്യാഗസമുദ്രം ഗ്രാമത്തിൽ ഇന്നലെയാണ് ശിവഗുരു എന്നയാളും സുഹൃത്തുക്കളും ചേർന്ന് 'കൊവിഡ് വിരുന്നു' സംഘടിപ്പിച്ചത്. അഞ്ച് പേരിൽ കൂടുതൽ കൂടുവാൻ പാടില്ലെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിർദ്ദേശം മറി കടന്ന് ഇവർ വിപുലമായ സദ്യയൊരുക്കി. കൂട്ടമായിരുന്നു കഴിച്ചു. അത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. തൊട്ട് പിന്നാലെ വിരുന്നൊരുക്കിയ ശിവഗുരു എന്നയാളെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെളുക്കാൻ തേച്ചത് പാണ്ടായി മാറിയതുപോലെയായി.