theft

ആറ്റിങ്ങൽ : ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിലേക്ക് ലോഡുമായി വന്ന ലോറിയിൽ നിന്നും 5 കെയ്‌സ് മദ്യം മോഷണം പോയി. മാമം പെട്രോൾ പമ്പിന് മുന്നിൽ ഒതുക്കി ഇട്ടിരുന്ന രണ്ട് ലോറികളിൽ ഒന്നിൽ നിന്നാണ് മോഷണം പോയത്. ലോറിയുടെ ടാർപോളിൻ കുത്തിക്കീറിയാണ് മോഷണം നടത്തിയത്. അഞ്ച് കേയ്‌സിലധികം മോഷണം പോയതായാണ് വിവരം. ഗോഡൗണിലേക്ക് ലോറികൾ എത്തിയ സമയത്താണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അന്ന് മുതൽ നിരവധി ലോറികൾ ആറ്റിങ്ങൽ മാമം നാളികേര കോംപ്ലക്സിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. പെട്രോൾ പമ്പിന് മുന്നിൽ രണ്ട് ലോറികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് ലോറി ജീവനക്കാർ ആറ്റിങ്ങൽ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പെട്രോൾ പമ്പിന് എതിർവശത്തെ വ്യാപാരസ്ഥാപനത്തിന്റെ സിസിടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ തുടങ്ങിയ സമയം മുതൽ രാത്രി കാലങ്ങളിൽ വാഹനങ്ങൾക്ക് പൊലീസിന്റെയോ എക്സൈസിന്റെയോ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കാതിരുന്നതാണ് മോഷണത്തിനിടയാക്കിയത്.