റിയോ ഡി ജനീറോ : കൊവിഡ് രാജ്യത്ത് വ്യാപിക്കുന്നതിനിടെ ആരോഗ്യമന്ത്രിയെ പുറത്താക്കി ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ. പുറത്താക്കിക്കൊണ്ടുള്ള നോട്ടീസ് തനിക്ക് ബൊൽസൊനാരോ കൈമാറിയതായി ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മാൻഡെറ്റ ട്വിറ്ററിലൂടെ അറിയിച്ചു.
ബ്രസീലിൽ കൊവിഡ് വ്യാപനം തടയാൻ ആളുകൾ വീടുകൾക്കുള്ളിൽ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞ ഡോക്ടർ കൂടിയായ മാൻഡെറ്റയെ ബൊൽസൊനാരോ പരസ്യമായി വിമർശിച്ചിരുന്നു. മാൻഡെറ്റയുടെ നിർദ്ദേശത്തോട് ബൊൽസൊനാരോ വിയോജിച്ചെന്ന് മാത്രമല്ല, കൊവിഡ് ഒരു ചെറിയ പനിയാണെന്ന് പറയുകയും ചെയ്‌തു. കഴിഞ്ഞ രണ്ടാഴ്‌ചയായി രണ്ട് പേരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ശക്തമായിരുന്നു.
ബൊൽസൊനാരോ കൊവിഡിനെ നിസാരവത്കരിക്കുകയും അശാസ്ത്രിയ ചികിത്സാരീതികൾ പരീക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തപ്പോൾ മാൻഡെറ്റ ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന നിയന്ത്രണങ്ങളും മുൻകരുതലുകളും സ്വീകരിക്കാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. ലോക്ക് ഡൗൺ നടപ്പാക്കാൻ തീരുമാനിച്ച പ്രാദേശിക ഭരണകൂടങ്ങളെ മാൻഡെറ്റ അഭിനന്ദിച്ചപ്പോൾ ബൊൽസൊനാരോ അവരെ വിമർശിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയ്ക്കെതിരെ സർക്കാർ ഒറ്റക്കെട്ടായി നില്ക്കണമെന്ന കഴിഞ്ഞ ഞായറാഴ്‌ച ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബൊൽസൊനാരോയുടെ പ്രതികരണങ്ങൾക്കുള്ള വിമർശനം കൂടിയായിരുന്നു ഇത്.
മാൻഡെറ്റയെ പുറത്താക്കിയ വാർത്തയറിഞ്ഞ വീടുകളിൽ കഴിയുന്ന ബ്രസീലുകാർ ബാൽക്കണികളിൽ നിന്നും പാത്രങ്ങൾ കൂട്ടിമുട്ടി ശബ്‌ദമുണ്ടാക്കി പ്രതിഷേധിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം തുടങ്ങിയ നാൾ മുതൽ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്ന പ്രസിഡന്റ് ബൊൽസൊനാരോയ്ക്കെതിരെ ഇവർ പ്രതിഷേധിക്കുന്ന രീതിയാണിത്.
മാൻഡെറ്റയെ പുറത്താക്കിയതോടെ കൊവിഡ് ഭീഷണി വിതയ്ക്കുന്ന ആ അടിയന്തര സാഹചര്യത്തിൽ മറ്റാര് ആരോഗ്യമന്ത്രാലയത്തെ നയിക്കുമെന്നതും ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ബൊൽസൊനാരോയിൽ നിന്നും തികച്ചു വ്യത്യസ്ഥനായ മാൻഡെറ്റ ദിവസവും രാജ്യത്തെ കൊവിഡ് സ്ഥിതി പത്രസമ്മേളനങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു. ആരോഗ്യ വിദഗ്‌ദ്ധരുമായി ചർച്ച ചെയ്‌താണ് മാൻഡെറ്റ ഓരോ തീരുമാനങ്ങളുമെടുത്തിരുന്നത്. അതുകൊണ്ട് തന്നെ കൊവിഡ് വിഷയത്തിൽ ബ്രസീലുകാർക്ക് പ്രസിഡന്റിനേക്കാൾ സ്വീകാര്യത ആരോഗ്യമന്ത്രി മാൻഡെറ്റയോടായിരുന്നു.
കൊവിഡ് രാജ്യത്ത് കനത്ത നാശം വിതയ്ക്കുമെന്ന് വിദഗ്‌ദ്ധരുടെ മുന്നറിയിപ്പുണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ ഇതിനിടെയിൽ ആരോഗ്യമന്ത്രിയെ പുറത്താക്കിയതോടെ ബൊൽസൊനാരോയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. മാൻഡെറ്റയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ബ്രസീലിലെ ഐസൊലേഷൻ പദ്ധതികൾ തയാറാക്കുന്നതിൽ ഒരു വിഭാഗം ആരോഗ്യപ്രർത്തകർ കൂട്ട രാജിയ്ക്കൊരുങ്ങിയെങ്കിലും മാൻഡെറ്റ അത് തടഞ്ഞു. ഇതേവരെ 1,952 പേരാണ് ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 30,891 പേർക്ക് ഇതേവരെ രോഗം സ്ഥിരീകരിച്ചു.