തിരുവനന്തപുരം: അമേരിക്കയിൽ അധികാരത്തിലിരിക്കുന്ന റിപ്പബ്ളിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ആനയാണ്. കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും മറ്റു രാജ്യങ്ങളെ പിന്നിലാക്കി അമേരിക്ക പായുമ്പോൾ ഒരു ചോദ്യം സ്വാഭാവികമായും ഉയരുന്നു. 'ആനയ്ക്ക് അടി തെറ്റിയതെങ്ങനെ"? ഇതേക്കുറിച്ച് പറയുകയാണ് അമേരിക്കയിലെ പ്രശസ്ത മലയാളി ഭിഷഗ്വരനും ഗ്ളോബൽ വൈറോളജി നെറ്റ്‌വർക്കിന്റെ ഉപദേഷ്ടാവുമായ ഡോ. എം.വി. പിള്ള.
" ചൈനയിലെ വുഹാനിൽ അമേരിക്കയ്ക്ക് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സി.ഡി.സി) എന്നൊരു കേന്ദ്രമുണ്ട്. ഒരുവർഷം മുമ്പ് അതിന്റെ മേധാവി വിരമിച്ചു. പകരം ആളിനെ നിയോഗിച്ചില്ലെന്ന് മാത്രമല്ല അതിന്റെ പ്രവർത്തനം തന്നെ നിലച്ച മട്ടിലായി.ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ അപ്പപ്പോൾ നൽകുകയെന്ന സുപ്രധാന ഇന്റലിജൻസ് ദൗത്യംകൂടി സി.ഡി.സിയുടെ ചുമലിലായിരുന്നു.അതുമുടങ്ങിയെന്ന് മാത്രമല്ല ലോകാരോഗ്യ സംഘടന (ഡബ്ളിയു.എച്ച്.ഒ) ആദ്യം പറഞ്ഞതെല്ലാം അമേരിക്ക കണ്ണുമടച്ച് വിശ്വസിക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയ്ക്കു
പറ്റിയ വീഴ്ചകൾ
വുഹാനിൽ രോഗം പടർന്നപ്പോൾ ലോകാരോഗ്യ സംഘടന ജനുവരി 14നു പറഞ്ഞു. 'മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്ന്." ശുദ്ധ അസംബന്ധമായിരുന്നു ഇത്. തുടർന്ന് ഡബ്ളിയു.എച്ച്.ഒ നടത്തിയ മറ്റൊരു വിഡ്ഢി പ്രഖ്യാപനം " രോഗലക്ഷണമില്ലാതെ അസുഖം വരില്ലെന്നായിരുന്നു" . ഇത് തെറ്റാണെന്ന് തെളിഞ്ഞു. മൂന്നാമത് പറഞ്ഞതാകട്ടെ മാസ്‌കിന്റെ ആവശ്യമില്ലെന്നായിരുന്നു. ലോകാരോഗ്യ സംഘടന ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു ഇതെല്ലാം. മാത്രമല്ല വുഹാനിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും രോഗം അവിടെത്തന്നെ ഒടുങ്ങുമെന്നും ഡബ്ള്യു.എച്ച്.ഒ തട്ടിവിട്ടു.തന്റെ നിയമനത്തെ പിന്തുണച്ചതിന് ലോകാരോഗ്യ സംഘടന മേധാവി കാണിച്ച ചൈനീസ് വിധേയത്വം മൂലമാണിതെന്ന് വൈകിയാണ് അമേരിക്ക തിരിച്ചറിഞ്ഞത്.
കൊവിഡിനു മുമ്പ് അമേരിക്കയിലെ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. തൊഴിലില്ലായ്മയും കുറഞ്ഞിരുന്നു. അനുകൂലമായ അന്തരീക്ഷത്തിൽ അനായാസമായ തിരഞ്ഞെടുപ്പ് വിജയമാണ് വരുന്ന തിരഞ്ഞെടുപ്പിൽ ട്രംപ് പ്രതീക്ഷിച്ചിരുന്നത്. കൊവിഡ് നേരിടുന്നതിൽ ട്രംപ് വിജയിച്ചില്ലെന്ന പൊതു അഭിപ്രായം വ്യാപിച്ചതോടെ ഡബ്ളിയു. എച്ച്.ഒക്കെതിരെ ട്രംപ് വാളെടുക്കുകയായിരുന്നു. വുഹാനിൽ കൊവിഡ് വന്നപ്പോൾ നമ്മൾ കൊച്ചു കേരളം ചെയ്ത മുന്നൊരുക്കങ്ങൾ പോലും അമേരിക്ക ചെയ്തില്ല. എന്തിന് മാസ്‌ക്ക് പോലും ശേഖരിച്ചില്ല. വിവരങ്ങൾ അറിഞ്ഞപ്പോൾ ആകട്ടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ അമാന്തം കാട്ടുകയും ചെയ്തു.അമേരിക്കയിൽ ഫെഡറൽ ഗവൺമെന്റ് പറയുന്ന കാര്യങ്ങൾ സംസ്ഥാനങ്ങൾ അപ്പാടെ അംഗീകരിക്കില്ലെന്ന പ്രശ്നമുണ്ട് . തികച്ചും സ്വതന്ത്രമായ പ്രവർത്തനരീതിയാണവിടെ. ഇത്രയും മരണം സംഭവിച്ചിട്ടും നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാണ് നല്ലൊരു പങ്ക് അമേരിക്കക്കാരും ഇപ്പോൾ വാദിക്കുന്നത്.എന്നാൽ ദക്ഷിണ കൊറിയയെ കണ്ടുപഠിക്കണം.
വുഹാനിൽ വ്യാപനം ഉണ്ടായപ്പോഴെ മോക് ഡ്രിൽ അടക്കം നടത്തി ദക്ഷിണകൊറിയ ജനങ്ങളെ ബോധവത്‌കരിച്ചു. പരിശോധനാ കേന്ദ്രങ്ങൾ സജീവമാക്കി. അവരുടെ ഹെൽത്ത് ഇന്റലിജൻസ് വിഭാഗം ഉടനുടൻ വിവരങ്ങൾ നൽകി. എന്നാൽ ദക്ഷിണകൊറിയ ചെയ്ത മുന്നൊരുക്കങ്ങൾ പോലും അമേരിക്കയ്ക്ക് ചെയ്യാനായില്ല.വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കൊവിഡ് കാര്യങ്ങൾ മാറ്റിമറിക്കുമോയെന്ന സംശയം ട്രംപിനുണ്ട് .കഴുത (ഡെമോക്രാറ്റിക് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം) അട്ടിമറി നടത്തുമോയെന്ന ആശങ്കയുമുണ്ട്.