കൊവിഡുമായി ബന്ധപ്പെട്ടുള്ള യാത്രാവിലക്കിൽ കുടുങ്ങിപ്പോയവരുൾപ്പെടെയുള്ള പ്രവാസികൾക്ക് കേരള ബാങ്ക് വഴി പ്രത്യേക സ്വർണപ്പണയ വായ്പ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അഭിനന്ദനീയമാണ്. പരമാവധി അൻപതിനായിരം രൂപവരെയാകും വായ്പ. നാലുമാസമാണ് കാലാവധി. പലിശ വെറും മൂന്നു ശതമാനവും. പ്രോസസിംഗ്, സർവീസ്, ഇൻഷ്വറൻസ് ചാർജുകളൊന്നും ഈടാക്കില്ലെന്ന പ്രത്യേകതയുമുണ്ട്. കുതിച്ചുയർന്ന സ്വർണ വില വച്ചുനോക്കുമ്പോൾ രണ്ടരയോ മൂന്നോ പവൻ മതി അരലക്ഷം രൂപയുടെ വായ്പ ലഭിക്കാൻ. ലോക്ക് ഡൗൺ നാളുകളിൽ സാധാരണ പ്രവാസി കുടുംബങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കാൻ കേരള ബാങ്കിന്റെ ഈ പുതുസംരംഭം വളരെ ഉപകാരപ്രദമാകും. കൈയിൽ ആവശ്യത്തിലേറെ സ്വർണമുണ്ടെങ്കിലും പണയം വച്ച് പണമെടുക്കാനാവാത്ത അവസ്ഥയാണ് നാട്ടിൽ ഇപ്പോഴുള്ളത്. മഹാമാരി ബാങ്കുകളുടെ പ്രവർത്തനങ്ങളിലും കർക്കശമായ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. ചെക്ക് സമർപ്പണവും പണം പിൻവലിക്കലുമൊഴികെയുള്ള മറ്റ് ഇടപാടുകളെല്ലാം നിരോധിച്ചതോടെ സ്വർണവായ്പ ഉൾപ്പെടെയുള്ള അത്യാവശ്യ സേവനങ്ങൾക്ക് പൂട്ടുവീണിരിക്കുകയാണ്. പ്രവാസികൾക്കു മാത്രമല്ല നാട്ടിലുള്ള സാധാരണക്കാരും ഇതുമൂലം വല്ലാത്ത ബുദ്ധിമുട്ടിലായിട്ടുണ്ട്. സായാഹ്നങ്ങളിൽ പോലും ആശ്രയമായിരുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ലോക്ക് ഡൗണിൽപെട്ടതോടെ സാധാരണക്കാർ വല്ലാതെ പെട്ടുപോയി എന്നുവേണം പറയാൻ. കൈവായ്പകൾക്കു പോലും വഴി കാണാതെ വിഷമിക്കുന്നവർ അനവധിയാണ്. സമൂഹത്തിലെ താഴെ തട്ടിലുള്ള കുടുംബങ്ങൾ പണയ വായ്പയ്ക്കു വഴി തേടി ഓടിനടക്കുകയാണ്.
കേരള ബാങ്കിന്റെ മൂന്നു ശതമാനത്തിനുള്ള സ്വർണ വായ്പ പ്രവാസികളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ പരിധി വിപുലപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. നാട്ടിലുള്ളവർക്കും അതിന്റെ പ്രയോജനം ലഭ്യമാക്കേണ്ടത് ന്യായയുക്തമാണ്. പണത്തിന്റെ ആവശ്യം പ്രവാസി കുടുംബങ്ങൾക്കെന്നപോലെ സ്വദേശി കുടുംബങ്ങൾക്കും ഒഴിച്ചുകൂടാനാവാത്തതാണ്. പ്രത്യേകിച്ചും നാനാ രംഗങ്ങളിലും വരുമാനം നിലച്ച ഈ സന്ദർഭത്തിൽ. മൂന്നു ശതമാനം പലിശ എന്നത് നാലു ശതമാനമാക്കിയാലും പരാതി ഉയരുമെന്നു തോന്നുന്നില്ല. തൊഴിൽ മുടങ്ങിയതു കാരണം വരുമാനം പൊടുന്നനേ ഇല്ലാതായ ലക്ഷക്കണക്കിനു കുടുംബങ്ങളുണ്ട്. വീട്ടുചെലവുകൾക്കും ചികിത്സയ്ക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും പണത്തിനു പണം തന്നെയാണു വേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ സ്വർണപ്പണയമാണ് ഒട്ടുമിക്കവർക്കും ആശ്രയമായിരുന്നത്. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ മാത്രമല്ല ബാങ്കുകളും സ്വർണപ്പണയ ഇടപാടുകൾ നിറുത്തിവച്ചത് വിവരണാതീതമായ സാമ്പത്തിക പ്രതിസന്ധിയാണ് പല കുടുംബങ്ങൾക്കും വരുത്തിവച്ചത്. കേരള ബാങ്കിന് ജനങ്ങളുടെ യഥാർത്ഥ രക്ഷകരാകാൻ ലഭിച്ച അപൂർവ അവസരമാണിത്. ബാങ്കിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ സാധാരണക്കാരെ സഹായിക്കുക എന്നതാണല്ലോ. സ്വർണം ഈടായി വാങ്ങിവച്ച ശേഷമാണ് പണം നൽകുന്നതെന്നതിനാൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ പോലും ബാങ്കിന് കൈനഷ്ടമൊന്നും വരാൻ പോകുന്നില്ല. മാത്രമല്ല ബാങ്കിന്റെ വരുമാനത്തിലും നല്ല വർദ്ധനയുണ്ടാകും. ഇപ്പോൾ നാലു മാസമെന്ന തിരിച്ചടവു കാലാവധി ആറു മാസമായി വർദ്ധിപ്പിച്ചാലും പ്രത്യേകിച്ചു നഷ്ടമൊന്നും വരാനില്ല.
ലോക്ക് ഡൗൺ പൂർണമായി പിൻവലിച്ചു കഴിഞ്ഞാലും രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാൻ മാസങ്ങൾ തന്നെ വേണ്ടിവരും. തൊഴിൽ മേഖലയാകും ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടിവരിക എന്ന് ഉറപ്പായിക്കഴിഞ്ഞു. സംഘടിത മേഖലയെ അപേക്ഷിച്ച് അസംഘടിത മേഖല ഗണ്യമായ തിരിച്ചടികൾ ഏറ്റുവാങ്ങേണ്ട സ്ഥിതിയിലാണ്. കൂലിവേലക്കാരുടെ വരുമാനത്തിലും ഇടിവുണ്ടാകും. തൊഴിൽ മേഖല പഴയ നില വീണ്ടെടുക്കുകയും എല്ലാം പതിവു മട്ടിലാവുകയും ചെയ്യുന്ന ഇടവേള സാധാരണ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം കഠിനയാതനകളുടേതായിരിക്കും. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായ പാക്കേജുകൾ കൊണ്ടുമാത്രം പരിഹരിക്കാനാവുന്നതല്ല ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ.
പുതിയ അദ്ധ്യയന വർഷത്തിന് ഇനി അധിക ദിവസങ്ങളില്ല. വൻ ചെലവുകളുടെ നാളുകൾ കൂടിയാണിത്. ഓർക്കാപ്പുറത്ത് വരുമാനം നിലച്ചുപോയ കുടുംബങ്ങൾക്ക് പിടിച്ചുനിൽക്കാൻ പുതിയ ധനാഗമ മാർഗങ്ങൾ കണ്ടെത്തേണ്ടിവരും. കുട്ടികൾക്കു പുസ്തകങ്ങൾ, യൂണിഫോം, ഫീസ്, യാത്രക്കൂലി തുടങ്ങി നിരവധിയുണ്ട് ചെലവിനുള്ള വഴികൾ. പൊതു വിദ്യാലയങ്ങളിൽ പലതിനും ഇളവുണ്ടെങ്കിലും പാഠ്യേതര കാര്യങ്ങളുടെ ചെലവ് എല്ലായിടത്തും ഒരുപോലെ തന്നെ. സ്വർണപ്പണയമാണ് ഇത്തരംഘട്ടങ്ങളിൽ പലപ്പോഴും സാധാരണക്കാരെ രക്ഷിക്കാറുള്ളത്. കൊവിഡ് മഹാമാരി ഇക്കുറി ആ വഴിയും അടച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ മാറുന്നതോടെ ബാങ്കുകൾ സ്വർണപ്പണയം എടുത്തു തുടങ്ങുമെന്നു പ്രതീക്ഷിക്കാം. അപ്പോഴും ഉയർന്ന പലിശ ബാദ്ധ്യത പലർക്കും പ്രശ്നം തന്നെയാകും. കാർഷിക വായ്പ കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തിയതോടെ ലക്ഷക്കണക്കിനു പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കാതായി. സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി നിലവിൽ വന്ന കേരള ബാങ്കിന് ഈ രംഗത്ത് വിജയക്കൊടി പാറിക്കാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മറ്റു ബാങ്കുകളെക്കാൾ കുറഞ്ഞ പലിശയ്ക്ക് സ്വർണപ്പണയ വായ്പാ പദ്ധതിയുമായി കേരള ബാങ്ക് മുന്നോട്ടുവരണം. ബാങ്കിനു മാത്രമല്ല സംസ്ഥാനത്തെ സാധാരണക്കാർക്കും അത് ഏറെ ഗുണകരമാകും.