ആറു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന വർക്കല രാധാകൃഷ്ണൻ വിടപറഞ്ഞിട്ട് ഒരു ദശാബ്ദം പൂർത്തിയാകുന്നു. പ്രമുഖ നിയമജ്ഞനും സി.പി.എം നേതാവും പാർലമെന്റംഗവും നിയമസഭാ സ്പീക്കറും ഭരണപരിഷ്കാര കമ്മിഷൻ വൈസ് ചെയർമാനുമായിരുന്നു. വർക്കല മുണ്ടയിൽ ആർ. വാസുദേവന്റെയും ജി. ദാക്ഷായണിയുടെയും സീമന്തപുത്രനായി 1927ൽ ജനിച്ച രാധാകൃഷ്ണന്റെ പിതാമഹൻ മണമ്പൂർ ഗോവിന്ദനാശാൻ പ്രമുഖ സംസ്കൃത പണ്ഡിതനും ശ്രീനാരായണ ഗുരുവിന്റെ സതീർത്ഥ്യനും കുമാരനാശാന്റെ ഗുരുവുമായിരുന്നു. വർക്കലയ്ക്ക് അന്നപ്രാശം നൽകിയത് സാക്ഷാൽ ശ്രീനാരായണ ഗുരുദേവനായിരുന്നു.
സ്കൂൾ വിദ്യാഭ്യാസം ആർ. ശങ്കർ പ്രഥമാദ്ധ്യാപകനായ ശിവഗിരി സ്കൂളിലും സെക്കൻഡറി വിദ്യാഭ്യാസം നടരാജഗുരു പ്രധാനാദ്ധ്യാപകനായ നെടുങ്കണ്ട ശ്രീനാരായണ വിലാസം ഹൈസ്കൂളിലും. തദവസരത്തിൽ ക്വിറ്റ് ഇന്ത്യാ സമര പ്രക്ഷോഭത്തിൽ പങ്കെടുക്കുകയുണ്ടായി. കോളേജ് വിദ്യാഭ്യാസമാകട്ടെ ആലുവ യു.സി കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി പൂർത്തിയാക്കി. ഈ കാലയളവിൽ അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പാലിയം സത്യാഗ്രഹത്തിൽ പങ്കെടുക്കുകയുണ്ടായി. പിന്നീട് എറണാകുളം ലാ കോളേജിൽ നിന്ന് നിയമ ബിരുദം നേടി അഭിഭാഷക വൃത്തിയിലേക്കും തുടർന്ന് സജീവ രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു.
1953-ൽ വർക്കല പഞ്ചായത്ത് രൂപീകൃതമായ വേളയിൽ പ്രായപൂർത്തി വോട്ടവകാശ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി. വസൂരി രോഗത്താൽ ജീവൻ നഷ്ടമായ നിരവധി പേരുടെ മൃതദേഹം മറവുചെയ്യുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട് തിരുക്കൊച്ചി സർക്കാരിന്റെ പ്രത്യേക പ്രശംസയ്ക്ക് പാത്രമായി. 1967ൽ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി.
1980-ൽ ജി. കാർത്തികേയനെ പരാജയപ്പെടുത്തി കേരള നിയമസഭയിലെത്തി. തുടർന്ന് നാലുവട്ടം എം.എൽ.എ. പബ്ളിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായും നിരവധി കമ്മിറ്റികളിൽ അംഗമായും വർക്കല മാറ്റു തെളിയിച്ചു. രണ്ടാം നായനാർ മന്ത്രിസഭയിൽ സ്പീക്കറായി തിളങ്ങി. ആ സമയത്ത് അഴിമതി നിരോധന നിയമം പാസാക്കാനായി 24 മണിക്കൂർ തുടർച്ചയായി സഭ സമ്മേളിച്ച് ചരിത്രം കുറിച്ചു.
ചിറയിൻകീഴ് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് മൂന്നു തവണ ലോക്‌സഭാംഗമായ വർക്കല പാനൽ ചെയർമാനായി സേവനമനുഷ്ഠിച്ച് അന്നത്തെ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ പ്രശംസയ്ക്ക് പാത്രമായി.
ലോക്‌സഭയിൽ ഒരിക്കൽ ചോദ്യോത്തരവേളയിൽ തനിക്കനുവദിച്ച സമയപരിധി വിട്ട് വർക്കല പ്രസംഗം തുടർന്നപ്പോൾ സോമനാഥ് ചാറ്റർജി നിയന്ത്രണം വിട്ട് ഇപ്രകാരം പറഞ്ഞു, 'മി. വർക്കലാജി, നിങ്ങൾ ഒരു നല്ല സ്പീക്കറായിരുന്നിരിക്കാം... പക്ഷേ നിങ്ങളൊരു മോശം മെമ്പറാണ്." അതേ നാണയത്തിൽ തന്നെ വർക്കല തിരിച്ചടിച്ചു 'മി. ചാറ്റർജി, താങ്കളൊരു നല്ല എം.പിയായിരുന്നിരിക്കാം പക്ഷേ താങ്കളൊരു മോശം സ്പീക്കറാണ്." സഭയ്ക്കുള്ളിലെ ഇത്തരത്തിലുള്ള വാക് പയറ്റുകൾ ഒരിക്കലും ചാറ്റർജിയും വർക്കലയുമായുള്ള സൗഹൃദത്തെ ബാധിച്ചിരുന്നില്ല.
വിവരാവകാശ നിയമ നിർമ്മാണ ചർച്ചയിൽ വർക്കലയുടെ പ്രസംഗം പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് പാത്രമായി. 'തീരുമാനമെടുക്കുന്നതിനു മുൻപ് കാബിനറ്റ് രേഖകൾ പുറത്തുവിടരുത്. തീരുമാനമെടുത്തു കഴിഞ്ഞാൽ അവ പൊതുജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കരുത്. നമുക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. പാർലമെന്റിനും സർക്കാരിനും ജനങ്ങളോട് മറുപടി പറയാൻ ബാദ്ധ്യതയുണ്ട്. ഭരണകൂടത്തിൽ എന്തു നടക്കുന്നുവെന്നറിയാൻ ജനങ്ങൾക്കും അവകാശമുണ്ട്. വർക്കലയുടെ പ്രശസ്തമായ ഈ പ്രസംഗമാണ് പിൽക്കാലത്ത് പല ഗവൺമെന്റ് ഉത്തരവുകൾക്കും പിൻബലമായി ഭവിച്ചിട്ടുള്ളത്.
2010 ഏപ്രിൽ 22ന് പ്രഭാത സവാരിക്കിറങ്ങിയ വർക്കല രാധാകൃഷ്ണന് വാഹനാപകടത്തിൽ പരിക്കേറ്റു. ഏപ്രിൽ 26നായിരുന്നു അന്ത്യം. വർക്കലയുടെ സ്മരണ നിലനിറുത്താനായി പ്രവർത്തനമാരംഭിച്ച വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ പ്രധാനമായും ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് വർക്കലയുടെ അർദ്ധകായ പ്രതിമ തൈക്കാട് ഗസ്റ്റ് ഹൗസിനു മുന്നിൽ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വർക്കല രാധാകൃഷ്ണന്റെ കർമ്മമണ്ഡലമായ തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
(വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ ചെയർമാനാണ് ലേഖകൻ. മൊബൈൽ : 94470 26933)