മലയിൻകീഴ് :കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കുമായി കണ്ടല സഹകരണ ആശുപത്രിയിൽ 15 ഐസൊലേഷൻ ബെഡുകൾ സജ്ജീകരിച്ചതായി ആശുപത്രി ചെയർമാൻ എൻ.ഭാസുരാംഗൻ അറിയിച്ചു. ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ബെഡുകൾ തയ്യാറാക്കിയത്. കണ്ടല സർവീസ് സഹകരണ ബാങ്ക് 3 ലക്ഷം രൂപയും പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ ഒരുമാസത്തെ ഓണറേറിയം 7000 രൂപയുമുൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. കണ്ടല സഹകരണ ബാങ്കിന്റെ കീഴിലുള്ള സഹകരണ ആശുപത്രി കാന്റിനിൽ നിന്ന് ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ സന്നദ്ധപ്രവർത്തകർക്കും പൊലീസിനും രോഗികൾക്കും ഭക്ഷണവും നൽകുന്നു. കോവിഡ് 19 സംശയിക്കുന്ന രോഗികളെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി സർവ സജ്ജമായി ആശുപത്രി വക ആംബുലൻസ് സൗജന്യമായി സർവീസ് നടത്തിവരുന്നുണ്ട്. ആവശ്യപ്പെടുന്നവർക്കായി ആശുപത്രി വക മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്നുകൾ വീടുകളിൽ എത്തിക്കാനുള്ള സൗകര്യവും ഇതിനോടകം പ്രാവർത്തികമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിൽ വെറുതെ ഇരിക്കുന്നവർക്ക് പച്ചക്കറി കൃഷി ചെയ്യാൻ വിത്തും വളവും വാങ്ങുന്നതിനായി കണ്ടല ബാങ്ക് പലിശ രഹിത വായ്‌പ നൽകുമെന്നും എൻ.ഭാസുരാംഗൻ അറിയിച്ചു.