വെഞ്ഞാറമൂട്: ശരീരം തളർന്ന അനിൽകുമാറിന് സഹായഹസ്തവുമായി നടൻ സുരാജ് വെഞ്ഞാറമൂട്. ഡി.കെ. മുരളി എം.എൽ.എ, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ് എന്നിവർക്കൊപ്പമാണ് സുരാജിന്റെയും കൈത്താങ്ങ്. പെയിന്റിംഗ് തൊഴിലാളിയായ കാന്തലംകോണം സ്വദേശി അനിൽകുമാറിന് 2016ലാണ് ജോലിക്കിടെയുണ്ടായ അപകടത്തിൽ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് കിടപ്പിലായത്. ഭാര്യ ശ്രീദേവി അങ്കണവാടിയിൽ താത്കാലിക സഹായിയായി പോകുന്നതിൽ നിന്നു ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കുടുംബത്തിന്റെ അവസ്ഥ ആകെ പരിങ്ങലിലായി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു ഇവർ. നടൻ സുരാജ് വെഞ്ഞാറമൂട്, സുജിത് എസ്.കുറുപ്പ്, ബിശ്വാസ് മെഡിക്കൽ സ്റ്റോർ ഉടമ ശബരിനാഥ് തുടങ്ങിയവർ കഴിഞ്ഞ ദിവസം ഡി.കെ. മുരളി എം.എൽ.എയോടൊപ്പം അനിൽകുമാറിന്റെ വീട്ടിൽ എത്തി. സുരാജ്, അനിൽകുമാറിന്റെ കുടുംബത്തിന് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. സുജിത് എസ്. കുറുപ്പ് വീൽചെയറും, ശബരിനാഥ് സാമ്പത്തിക സഹായവും നൽകി. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ വി.കെ.വിജയരാഘവൻ റോട്ടറി ക്ലബ് പ്രസിഡന്റ് വി.വി. സജി, പഞ്ചായത്തംഗം എസ്.അനിൽ, ഷിബു മക്കാംകോണം, മണി, പ്യാരേലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.