കേപ്ടൗൺ: കൊറേണ വൈറസിന്റെ അടുത്ത ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി ആഫ്രിക്ക മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണുണ്ടായിരിക്കുന്നത്. ആഫ്രിക്കയിലെ കൊവിഡ് മരണസംഖ്യ ആയിരത്തിലേക്ക് അടുക്കുകയാണ്; രോഗികളുടെ എണ്ണം 20,000ത്തിലേക്കും. എന്നാൽ യൂറോപ്പ്, അമേരിക്ക ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് നിലവിൽ ആഫ്രിക്കയിൽ രോഗവ്യാപനത്തിന്റെ തോത് കുറവാണ്. അതേ സമയം, ആഫ്രിക്കൻ നഗരപ്രദേശങ്ങൾക്ക് പുറത്താണ് ഇപ്പോൾ കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. ആവശ്യമായ ചികിത്സാ സൗകര്യങ്ങളില്ലാത്ത ഈ പ്രദേശങ്ങളിൽ രോഗം പടർന്നു പിടിച്ചാൽ നിയന്ത്രണാവിധേയമാക്കാൻ ഏറെ പ്രയാസമാണ്. ആവശ്യമായ വെന്റിലേറ്ററുകളുടെയും മറ്റ് മെഡിക്കൽ സംവിധാനങ്ങളുടെയും കുറവാണ് ആഫ്രിക്കൻ ഭൂഖണ്ഡം നേരിടുന്ന മറ്റൊരു പ്രശ്നം.
സൗത്ത് ആഫ്രിക്ക, ഐവറികോസ്‌റ്റ്, കാമറൂൺ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ തലസ്ഥാന നഗരങ്ങളിൽ നിന്നും മാറി ഉൾപ്രദേശങ്ങളിലാണ് ഇപ്പോൾ കൊവിഡ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. രോഗികളെ ചികിത്സിക്കുന്നതിനേക്കാൾ രോഗത്തെ തടയാനാണ് ആഫ്രിക്കൻ രാജ്യങ്ങൾ ശ്രദ്ധിക്കുന്നത്. കാരണം യൂറോപ്പിലെയും അമേരിക്കയിലെയും പോലെ ലക്ഷക്കണക്കിന് കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കഴിയില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാനാവശ്യമായ വെന്റിലേറ്ററുകൾ ചില ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിരലിലെണ്ണാവുന്നതാണ്. മാർച്ചിൽ സിംബാവെക്കാരനായ ഒരു ജേർണലിസ്‌റ്റിനാണ് ആഫ്രിക്കയിൽ ആദ്യമായി കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ടത്. സിംബാവെയുടെ തലസ്ഥാനമായ ഹരാരെയിലെ പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയത് അന്ന് അയാളെ ചികിത്സിക്കാൻ തങ്ങളുടെ പക്കൽ ഒരു വെന്റിലേറ്റർ ഇല്ലായിരുന്നുവെന്നാണ്. ശുദ്ധജലമോ സോപ്പോ പോലും ലഭ്യമാക്കാനാകാത്ത ആളുകൾ ആഫ്രിക്കയിലുണ്ട്.
സാമൂഹിക അകലം പാലിക്കുകയെന്നത് വിദൂര സ്വപ്നം മാത്രമായ തെരുവുകളും ആഫ്രിക്കയെ പറ്റി ആലോചിക്കുമ്പോൾ ലോകത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഈജിപ്റ്റാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള ആഫ്രിക്കൻ രാജ്യം. 2,673 പേർക്കാണ് ഈജിപ്റ്റിൽ രോഗം സ്ഥിരീകരിച്ചത്. സൗത്ത ആഫ്രിക്ക ( 2,605), മൊറോക്കോ (2,528) തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. അതേ സമയം, അൾജീരിയയാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം രേഖപ്പെടുത്തിയിരിക്കുന്ന ആഫ്രിക്കൻ രാജ്യം. 2,268 പേർക്ക് രോഗം സ്ഥിരീകരിച്ച അൾജീരിയയിൽ ഇതേവരെ 348 പേർ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള കണക്ക് - ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ
രോഗികൾ - 19,359
മരണം - 973
രോഗമുക്തരായവർ - 4,681
വൈറസ് ബാധിച്ച രാജ്യങ്ങൾ - 52
വൈറസ് ബാധിച്ചിട്ടില്ലാത്ത രാജ്യങ്ങൾ - 2 ( ലെസോതോ, കൊമോറോസ്)