തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ മാർച്ച് അവസാനം നിലവിൽ വരുമ്പോൾ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലക്കാരനായ കെ.സി. വേണുഗോപാലും സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയും ഇങ്ങ് തിരുവനന്തപുരത്തായിരുന്നു. ഔദ്യോഗികകാര്യങ്ങൾക്കും ചില ചടങ്ങുകൾക്കുമൊക്കെയായി തലസ്ഥാനത്ത് വന്നിറങ്ങിയ ഇവർ തിരുവനന്തപുരത്ത് ലോക്ക് ഡൗൺ കുരുക്കിലകപ്പെട്ടു! കുരുക്കിൽ നിന്ന് മോചനം അടുത്തെങ്ങുമില്ലെന്നുറപ്പായപ്പോൾ പാർട്ടി സംഘടനായന്ത്രത്തെ ചലിപ്പിക്കുന്ന തിരക്കിലേക്ക് സ്വാഭാവികമായും അവർ വഴിമാറി. ശേഷിക്കുന്ന സമയം പുസ്തകവായന, സിനിമാകാഴ്ച അങ്ങനെയങ്ങനെ:
കെ.സി. വേണുഗോപാൽ: തിരുവനന്തപുരത്ത് കേശവദാസപുരത്തെ വീട്ടിലാണ്. ഡൽഹിയിൽ നിന്നെത്തിയതായതിനാൽ പുറത്തെങ്ങും പോയില്ല. സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിയായത് കൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ദിവസവും മാഡവുമായി (എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധി) രാവിലെ 15- 20 മിനിറ്റ് നേരം വീഡിയോ കോൺഫറൻസിംഗ്. എല്ലാ പി.സി.സികളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കൽ. പി.സി.സി അദ്ധ്യക്ഷന്മാരുമായി പാർട്ടി അദ്ധ്യക്ഷയും ഞാനുമടക്കമുള്ളവരുടെ വീഡിയോ കോൺഫറൻസിംഗ്. വ്യാഴാഴ്ച കർണാടക പി.സി.സിയുമായുള്ള ചർച്ചയായിരുന്നു. രാഹുൽഗാന്ധിയുടെ വാർത്താസമ്മേളനത്തിലും വീഡിയോ കോൺഫറൻസിംഗ് വഴി പങ്കാളിയായി. രാവിലെ 9.30 മുതൽ ഉച്ച വരെയും പിന്നീട് വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പാർട്ടിയുടെ ഈ ഔദ്യോഗികതിരക്കുകളിലാണ്. ബാക്കി കിട്ടുന്ന സമയത്ത് പുസ്തകവായനയുണ്ട്, സിനിമകൾ കാണും. അടുക്കളയിൽ വീട്ടുകാരിയെ സഹായിക്കാൻ ശ്രമിച്ചെങ്കിലും അത്ര പോരെന്ന് ബോദ്ധ്യപ്പെട്ടു. മകനും മകൾക്കുമൊപ്പം വീട്ടിൽ ഒരുമിച്ചിരിക്കാൻ കിട്ടുന്ന സന്തോഷവുമുണ്ട്.
എസ്. രാമചന്ദ്രൻ പിള്ള:
ചില പാർട്ടിയോഗങ്ങൾക്കും മറ്റുമായി മാർച്ച് 16ന് ഞാനും എം.എ. ബേബിയും എത്തിയതാണ്. പിന്നാലെ ലോക്ക് ഡൗൺ കുരുക്കിലുമായി. പട്ടത്ത് മകളുടെ വീട്ടിലാണിപ്പോൾ. ദിവസവും രാവിലെ എ.കെ.ജി സെന്ററിലെത്തുന്നുണ്ട്. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ടെലഫോണിൽ ചർച്ച. പാർട്ടി ഓഫീസിൽ എം.എ. ബേബിയും കെ.എൻ. ബാലഗോപാലുമായി സംഭാഷണങ്ങൾ. പാർട്ടി ഡി.സികളുമായി ബന്ധപ്പെടും. ഡൽഹിയിൽ പി.ബി അംഗങ്ങളുമായി ദിവസേന വീഡിയോചാറ്റ്. പിന്നെ കിട്ടുന്ന സമയത്ത് പുസ്തകവായന, അത്യാവശ്യം എഴുത്ത് അങ്ങനെയങ്ങനെ...
എം.എ. ബേബി:
ഒന്നിട വിട്ട ദിവസങ്ങളിൽ എ.കെ.ജി സെന്ററിലെത്തി അത്യാവശ്യം പാർട്ടി ചർച്ചകൾ. പിന്നെ കിട്ടുന്ന ഭൂരിഭാഗം സമയവും പുസ്തകവായന. എ.കെ.ജി സെന്ററിനടുത്തെ ഫ്ലാറ്റിലായതിനാൽ എപ്പോൾ വേണമെങ്കിലും പാർട്ടി ഓഫീസിലേക്ക് പോകാമല്ലോ. ലോക്ക് ഡൗൺ കാലത്ത് ഖസാക്കിന്റെ ഇതിഹാസം ഒരാവർത്തി കൂടി വായിച്ചുതീർത്തു. ഫിക്‌ഷനല്ല, കൂടുതലും മറ്റുള്ള വായനകളാണ്. എഴുത്തും അത്യാവശ്യം നടക്കുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക കാര്യങ്ങളിലെ ഇടപെടൽ അനുഭവങ്ങളുണ്ടല്ലോ. പുസ്തകമാക്കുമോയെന്ന് ചോദിച്ചാൽ എഴുത്തിന്റെ ഭാവിയനുസരിച്ച് പിന്നീടറിയേണ്ടത്.