തിരുവനന്തപുരം: സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ചുതല സമ്മേളനങ്ങളുടെ സമയക്രമം ആലോചിക്കാനുള്ള കേന്ദ്രകമ്മിറ്റി യോഗം അടുത്ത മാസം നടന്നേക്കും. ലോക്ക് ഡൗൺ കാലാവധി മേയ് മൂന്ന് വരെ നീട്ടിയിരിക്കുന്നതിനാൽ അതിന് ശേഷമാകും തീയതി നിശ്ചയിക്കുക.
ബ്രാഞ്ചുതല സമ്മേളനങ്ങൾ ആഗസ്റ്റിലോ സെപ്തംബറിലോ ആരംഭിച്ച്, വിവിധ സമ്മേളനങ്ങൾ പൂർത്തിയാക്കി അടുത്ത വർഷം ഏപ്രിലോടെ പാർട്ടി കോൺഗ്രസ് നടക്കേണ്ടതാണ്. എന്നാൽ അടുത്ത വർഷം കേരളത്തിലും ബംഗാളിലുമടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ പാർട്ടി കോൺഗ്രസ് തീയതി നീണ്ടേക്കും. വരുന്ന ഒക്ടോബർ- നവംബറോടെ കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പും നടക്കണം. അതിനാൽ കീഴ് സമ്മേളനങ്ങൾ പൂർത്തിയാക്കി പാർട്ടി കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്തുന്നത് ആലോചിക്കാനിടയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേരളത്തിലെ കീഴ് സമ്മേളനങ്ങളും അടുത്ത വർഷത്തേക്ക് മാറ്റുമോയെന്നതും കണ്ടറിയണം. അങ്ങനെയെങ്കിൽ പാർട്ടി കോൺഗ്രസ് 2022ലേക്ക് മാറ്റേണ്ടി വരും.