thomas-isac

തിരുവനന്തപുരം: ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ് ) പറഞ്ഞിട്ട് പോലും റിസർവ് ബാങ്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പണം അച്ചടിച്ച് നൽകുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.പോസ്റ്റിൽ പറയുന്നത്: ലോകരാഷ്ട്രങ്ങൾക്ക് മറ്റു മാർഗങ്ങളൊന്നും ഇല്ലെങ്കിൽ പിന്നെ അവസാന ആശ്രയം ഐ.എം.എഫ് ആണ്. അവരുടെ പണമായ എസ്.ഡി.ആർ 1.36 ഡോളറിനു സമമാണ്. ഇപ്പോൾ 2400 കോടി എസ്.ഡി.ആർ പ്രചാരത്തിലുണ്ട്. അവയെല്ലാം അംഗരാജ്യങ്ങളുടെ വിദേശനാണയ ശേഖരത്തിന്റെ ഭാഗമായിട്ടാണ് ഇരിക്കുന്നത്. ഇപ്പോൾ കയറ്റുമതി നിലച്ചപ്പോൾ രാജ്യങ്ങൾക്ക് വിദേശനാണയം അല്ലെങ്കിൽ ഡോളർ വരുമാനം ഇല്ല. ഈ പശ്ചാത്തലത്തിലാണ് ഐ.എം.എഫ് ദശാബ്ദങ്ങൾക്കുശേഷം ഇതുവരെ പുറത്തിറക്കിയ നോട്ടിന് തുല്യമായ എസ്.ഡി.ആർ ഇറക്കാൻ ആലോചിക്കുന്നത്. അമേരിക്കയുടെ സമ്മതംകൂടി കിട്ടിയാൽ ഐ.എം.എഫ് പണം ഇറക്കും. അപ്പോഴാണ് കേന്ദ്ര സർക്കാർ ഏതാണ്ട് കാൽനൂറ്റാണ്ട് മുമ്പ് ഉണ്ടാക്കിയ ചട്ടവും പറഞ്ഞു വരുന്നത്. ഈ നയം ഉണ്ടാക്കിയ അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രംഗരാജൻ പോലും ഇതിനെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും ഐസക് പറഞ്ഞു.