തിരുവനന്തപുരം: ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പോകാനൊരിടമില്ലെന്ന് കരുതി വിഷമിക്കുന്ന തടവുകാർക്ക് താങ്ങും തണലുമേകാൻ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ 'തണലിടം' ഒരുങ്ങി. കുടുംബമോ ബന്ധുക്കളോ ഏറ്റെടുക്കാൻ തയ്യാറാകാത്ത മുൻ തടവുകാർക്ക്‌ പുനരധിവാസം വരെ തണലിടത്തിൽ താമസിക്കാം.സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനുമായി സഹകരിച്ച്‌ കൊട്ടാരക്കരയിൽ വാളകത്താണ്‌ പുരുഷത്തടവുകാർക്കായി ‘തണലിടം’ എന്ന പ്രൊബേഷൻ ഹോം തുടങ്ങിയത്‌.

കേരള പ്രൊബേഷൻ ഓഫ്‌ ഒഫന്റേഴ്‌സ്‌ ചട്ടപ്രകാരം സംസ്ഥാനത്ത്‌ യാഥാർത്ഥ്യമായ ആദ്യ സംരംഭമാണിത്. ഒരേ സമയം 25 പേർക്കാണ്‌ ഇവിടെ താമസസൗകര്യമുള്ളത്‌. കുടുംബമോ ബന്ധുമിത്രാദികളോ ഏറ്റെടുക്കാൻ തയ്യാറാകാത്ത മുൻ തടവുകാർ, കേസിൽപെട്ട്‌ താമസിക്കാൻ ഇടമില്ലാതെ വിചാരണ നേരിടുന്നവർ, ജയിലിൽനിന്ന്‌ വിവിധ അവധികൾക്കായി പുറത്തിറങ്ങുന്നവർ തുടങ്ങിയവരെ സാമൂഹ്യപുനരധിവാസം സാദ്ധ്യമാകുംവരെ (താൽക്കാലികമോ/ സ്ഥിരമോ ആയ താമസസൗകര്യം ഉണ്ടാകുന്നതുവരെ) താമസിക്കാനുള്ള ഇടക്കാല സംരക്ഷണകേന്ദ്രമാണ്‌ പ്രൊബേഷൻ ഹോം.

താമസസ്ഥലമില്ലാത്തതിനാൽ ജാമ്യം ലഭിക്കാതെ ദീർഘനാളായി വിചാരണ നേരിടുന്ന തടവുകാരനെ മറ്റൊരു താമസസൗകര്യം കണ്ടെത്തുന്നതുവരെ താമസിപ്പിക്കും. ജയിലിൽനിന്ന്‌ വിവിധ അവധികൾക്കായി വിടുന്നവർക്കും താമസസ്ഥലമില്ലെങ്കിൽ രാത്രിയിൽ ഇവിടെ തങ്ങാം. കിടപ്പുരോഗികളോ മാനസിക വെല്ലുവിളി നേരിടുന്നവരോ അല്ലാത്തവരും 18നും 70 നും മദ്ധ്യേ പ്രായമുള്ളവരുമായ ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയുന്നവർക്ക് തണലിടം അഭയമേകും. ജില്ലാ പ്രൊബേഷൻ ഉപദേശക സമിതിയാണ്‌ തണലിടം ഹോമിലേക്ക്‌ പ്രവേശന സ്ഥിരീകരണം നൽകുക. കോഴിക്കാട്‌ ജില്ലാ ജയിലിൽ നിന്നു മോചിതരാകുന്ന മൂന്നു‌പേർ അടുത്തദിവസം ഇവിടെ താമസത്തിനെത്തുമെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു.