thomas-isac-
thomas isac interview ,

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധി നേരിടാൻ റിസർവ്വ് ബാങ്കിന്റെ രണ്ടാമത്തെ പാക്കേജും അപര്യാപ്തമാണെന്ന് ധനമന്തി തോമസ് ഐസക് പറഞ്ഞു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക,മോറട്ടോറിയം ഒരു വർഷത്തേയ്ക്ക് നീട്ടുക,സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ഉദാര വായ്പയും നിലവിലുള്ള വായ്പയുടെ പുന:സംഘടനാ പാക്കേജും പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ റിസർവ് ബാങ്ക് മൗനം പാലിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളുടെ ധനക്കമ്മി പരിധി മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. എങ്കിൽ കേരളത്തിന് 18000 കോടി രൂപ കൂടുതൽ വായ്പയെടുക്കാൻ കഴിയുമായിരുന്നു.ആ സ്ഥാനത്താണ് താൽക്കാലികമായി 729 കോടി രൂപ അനുവദിച്ചത്. സംസ്ഥാന സർക്കാരുകളുടെ വെയിസ് ആൻഡ് മീൻസ് പരിധി 60 ശതമാനം ഉയർത്തിയതുകൊണ്ട് സാമ്പത്തിക ഞെരുക്കത്തിന് വലിയ മാറ്റമുണ്ടാവില്ല.

കേരളത്തിന് ഈ സാമ്പത്തികവർഷാദ്യം വെയിസ് ആൻ‌ഡ് മീൻസ് അഡ്വാൻസും തുല്യമായ ഓവർ ഡ്രാഫ്റ്റ് സൗകര്യവുമടക്കം 3159 കോടി വായ്പയെടുക്കാൻ അനുവാദമുണ്ട്. ഇതിന്റെ പകുതി വരുന്ന ഓവർ ഡ്രാഫ്റ്റ് 21 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കണം. പുതിയ പ്രഖ്യാപനത്തിന്റെ ഫലമായി കേരളത്തിന് ഇപ്രകാരം താത്ക്കാലികമായി എടുക്കാവുന്ന തുക 3888 കോടിയായി ..729 കോടിയുടെ വർദ്ധന മാത്രമാണിത്.

ഇതു തന്നെ സെപ്തംബർ 30 വരെ മാത്രമേയുള്ളൂ.

നബാർഡ് അധിക

വായ്പ ലഭ്യമാക്കണം

റിപ്പോ നിരക്ക് 4.4 ശതമാനമായി കുറച്ചതുകൊണ്ട് റീട്ടെയിൽ പലിശ നിരക്കിൽ വലിയ വ്യത്യാസമുണ്ടായിട്ടില്ല. എൽ.ടി.ആർ.ഒ. വഴി 50,000 കോടി ബാങ്കേതര സ്ഥാപനങ്ങൾക്കു ലഭ്യമാക്കുന്നത് നല്ല കാര്യമാണ്. സാധാരണഗതിയിലുള്ള റിപ്പോ വായ്പയ്ക്ക് ഒരു മാസത്തിൽ താഴെ കാലാവധിയാണ്. എന്നാൽ പുതിയ വായ്പകൾ ഒന്ന് മുതൽ മൂന്നു വർഷം വരെ ദൈർഘ്യമുള്ളവയാണ്. നബാർഡിനും സിഡ്ബിക്കും നാഷണൽ ഹൗസിംഗ് ബാങ്കിനും കൂടുതൽ റീഫൈനാൻസ് അനുവദിച്ചത് സ്വാഗതാർഹമാണ്. നബാർഡിൽ നിന്ന് കേരളം അഭ്യർത്ഥിച്ചിട്ടുള്ള അധിക വായ്പ ഇതിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കണം. സിഡ്ബി കൂടുതൽ പണം കെ.എഫ്.സിക്ക് അനുവദിക്കണം. നാഷണൽ ഹൗസിംഗ് ബാങ്ക് ലൈഫ് മിഷന് വായ്പ അനുവദിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.