തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വരുന്ന ഒക്ടോബറിൽ നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് പുനർ വിഭജനത്തിനുള്ള തീരുമാനം സർക്കാർ ഉപേക്ഷിച്ചേക്കും. വാർഡ് പുനർ വിഭജനവുമായി മുന്നോട്ട് പോയാൽ കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണിത്..
. അതിർത്തി പുനർനിർണയം സംബന്ധിച്ച ഓർഡിനൻസ് നിയമമായ സഹാചര്യത്തിൽ, അതെങ്ങനെ മറികടക്കാമെന്ന കാര്യത്തിൽ സർക്കാർ നിയമ വകുപ്പിന്റെ ഉപദേശം തേടും..ഇതുസംബന്ധിച്ച് സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നു.
കൊവിഡിൻറെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ, സംസ്ഥാന ഇലക്ഷൻ കമ്മീഷൻറെ പ്രവർത്തനങ്ങൾ നിശ്ചലമായി. വാർഡ് അതിർത്തി പുനർനിർണയത്തിനുള്ള നടപടികൾ ആരംഭിക്കാൻ കഴിയാത്തതും, വോട്ടർപട്ടിക പുതുക്കുന്ന ജോലി തടസപ്പെട്ടതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വാർഡ് അതിർത്തി പുനർനിർണയത്തിന് നേതൃത്വം നൽകേണ്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് പരിശീലനം നൽകാനും കഴിഞ്ഞില്ല. ലോക്ക് ഡൗണിന് ശേഷം ഈ നടപടികൾ പുനരാരംഭിച്ചാലും പൂർത്തിയാക്കാൻ അഞ്ച് മാസമെങ്കിലും വേണ്ടി വരും അങ്ങനയെങ്കിൽ ഇപ്പോൾ ഉദ്ദേശിക്കുന്നത് പോലെ ,ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നവംബർ 12ന് പുതിയ ഭരണസമിതി അധികാരത്തിൽ വന്നില്ലെങ്കിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണം വേണ്ടി വരും.
ലോക്ക് ഡൗണില്ലായിരുന്നെങ്കിൽ വാർഡ് അതിർത്തി പുനർനിയണയിച്ചുകൊണ്ടുള്ള കരട് പ്രസിദ്ധീകരിക്കേണ്ട സമയമാണിപ്പോൾ. തുടർന്ന്, പരാതികളിൽ ഹിയറിംഗ് നടത്തി പരിഹരിക്കാനും കോടതികളിൽ വന്നേക്കാവുന്ന കേസുകൾ തീർപ്പാക്കാനും സമയമെടുക്കും. ഇതെല്ലാം തിരഞ്ഞെടുപ്പിനെ ബാധിക്കും. ഈ സാഹചര്യത്തിലാണ് അതിർത്തി പുനർനിർണയം ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നത്.