oommenchandi

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്പ്രിൻഗ്ളറുമായി സംസ്ഥാന സർക്കാരുണ്ടാക്കിയ കരാർ സംബന്ധിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി സംശയമുണർത്തുന്നതാണെന്നും, ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു

വിദേശ നിയമത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന സർക്കാരിന് കരാറുണ്ടാക്കാൻ അധികാരമില്ലെന്നിരിക്കെ, ഇല്ലാത്ത അധികാരമുപയോഗിച്ചാണ് കരാറൊപ്പിട്ടത്. ആരോപണമുയർന്ന സമയത്തേതിനേക്കാൾ വിഷയത്തിന്റെ മാനം മാറിക്കഴിഞ്ഞു. പത്താമത്തെ വ്യവസ്ഥ പ്രകാരം, കരാർ ന്യൂയോർക്കിലെ നിയമമനുസരിച്ചുള്ളതാണ്. വിദേശ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കരാറിലും ഒപ്പുവയ്ക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല. കേന്ദ്ര സർക്കാരിന്റെയോ ,സംസ്ഥാന മന്ത്രിസഭയുടെയോ, വിവിധ സർക്കാർ വകുപ്പുകളുടെയോ പരിശോധനയോ അനുമതിയോ കൂടാതെയാണ് കരാറിലേർപ്പെട്ടത്. ഏതെങ്കിലും നിയമനടപടി മൂലം നഷ്ടം നേരിട്ടാൽ അതിന്റെ ബാദ്ധ്യത സംസ്ഥാനത്തിനാണെന്നാണ് വ്യവസ്ഥ. സ്പ്രിൻഗ്‌ളറുമായുള്ള കരാർ സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നതല്ല.ഒരു ഘട്ടം വരെയാണ് കമ്പനിയുടെ സേവനം സൗജന്യം. കരാർ കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്. അങ്ങനെ വന്നാൽ ഭാവിയിൽ സർക്കാരിന് സാമ്പത്തികബാദ്ധ്യതയും വരും.

പ്രതിപക്ഷനേതാവ് ആരോപണമുന്നയിക്കുമ്പോൾ, കരാർ സംബന്ധിച്ച് ഒരു ഫയലുമില്ലായിരുന്നു. കഴിഞ്ഞ പ്രളയകാലത്തും ഈ കമ്പനി ഇവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. അന്ന് ഈ കമ്പനിയുടെ പങ്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കണം. വിദേശ ഏജൻസികളിൽ നിന്ന് വായ്പയെടുക്കുന്നതിന്റെ പേരിൽ ലോകബാങ്ക്, എ.ഡി.ബി പ്രതിനിധികളെ ആക്രമിച്ചവരാണിപ്പോൾ ഒരു ചർച്ചയുമില്ലാതെ വിദേശ ഏജൻസികളുമായി കരാറുണ്ടാക്കിയിരിക്കുന്നത്.

സർക്കാരിന്റെ ചെലവ്ചുരുക്കൽ നടപടികൾ മുകൾത്തട്ടിൽ നിന്ന് വേണം . അല്ലെങ്കിൽ അത്തരം നടപടികളെ ജനം പുച്ഛത്തോടെയേ കാണൂ. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.