jacob

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസെടുക്കാൻ സർക്കാർ അനുമതി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് വിജിലൻസിന് കൈമാറണം എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടിൽ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ജേക്കബ് തോമസ് ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു.

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിൽ തമിഴ്നാട്ടിലെ ഭൂമിയെ കുറിച്ച് ജേക്കബ് തോമസ് പറയുന്നുണ്ട്. അതിനാൽ ഈ ഭൂമി അനധികൃത സ്വത്തായി കാണാമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാർശ. മേയ് 31ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ നീക്കം. നാളെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്യും. പുതിയ കേസെടുത്താൽ ജേക്കബ് തോമസിനെ സർക്കാരിന് വീണ്ടും സസ്പെൻഡ് ചെയ്യാം.


അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്‌ജർ വാങ്ങിയതിലെ അഴിമതി ആരോപണത്തിനും ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചിന്റെയും വിജിലൻസിന്റെയും അന്വേഷണങ്ങൾ തുടരുന്നുണ്ട്.