തിരുവനന്തപുരം: അഴീക്കോട് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കുന്നതിന് സ്കൂൾ മാനേജ്‌മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിൽ അഴീക്കോട് എം.എൽ.എ കെ.എം. ഷാജിക്കെതിരെ കേസെടുക്കാൻ വിജിലൻസിന് സർക്കാരിന്റെ അനുമതി. കേസ് ഉടൻ രജിസ്റ്റർ ചെയ്യും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുമായി ബന്ധപ്പെട്ട് ഷാജിയുടെ വിമർശനം വന്നതിന് തൊട്ടു പിന്നാലെയാണ് കേസെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്.
2017 ജനുവരി 19ന് കണ്ണൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് വിജിലൻസിൽ പരാതി നൽകിയത്. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് പരാതിയിൽ കഴമ്പുണ്ടെന്ന് സർക്കാരിന് റിപ്പോർട്ട് നൽകി. കഴിഞ്ഞ മാസം സ്പീക്കറോട് പ്രോസിക്യൂഷന് അനുമതി തേടുകയും ചെയ്തിരുന്നു.
യു.ഡി.എഫ് ഭരണകാലത്ത് 2013-14ൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കുന്നതിന് സ്കൂൾ മാനേജർ മുസ്ലിംലീഗ് പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചതായി പരാതിയിൽ പറയുന്നു. സ്കൂൾ അനുവദിച്ചാൽ ഒരു അദ്ധ്യാപക തസ്തികയ്ക്ക് വാങ്ങുന്ന പണം കമ്മിറ്റി ഓഫീസ് കെട്ടിടം നിർമ്മാണത്തിന് നൽകണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. 2014ൽ കോഴ്സ് അനുവദിച്ചെങ്കിലും പണം നൽകേണ്ടെന്ന് കെ.എം. ഷാജി സ്കൂൾ മാനേജ്‌മെന്റിനോട് പറഞ്ഞു. തുടർന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതിൽ നിന്ന് പിന്തിരിഞ്ഞു.
എന്നാൽ, പ്ലസ്ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ൽ സ്കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം രൂപ ഷാജിക്ക് നേരിട്ട് നൽകിയ വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്ലിംലീഗ് പ്രാദേശിക നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി. ഇതിന്റെ രേഖകൾ ഉൾപ്പെടുത്തിയാണ് വിജിലൻസ് പ്രാഥമിക റിപ്പോർട്ട് നൽകിയത്.
വിജിലൻസ് പ്രാഥമിക
റിപ്പോട്ടിൽ പറയുന്നത്
ലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, പൂതപ്പാറ ശാഖാ സെക്രട്ടറി തുടങ്ങിയവർ കെ.എം.ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന് മൊഴി നൽകി
39 പേരടങ്ങുന്ന അഴീക്കോട് എഡ്യൂക്കേഷൻ സൊസൈറ്റിക്കാണ് സ്കൂൾ ഭരണം. അവിടെ കണക്കിൽപ്പെടാത്ത 35 ലക്ഷം രൂപ ലഭിച്ചതായി കാണിച്ചിട്ടുണ്ട്
ഈ തുക എവിടെപ്പോയെന്ന് രേഖകളിലില്ല. തുക ഷാജിക്ക് കൊടുത്തതായി സൊസൈറ്റി ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് ചെയ്തു
എം.എൽ.എയ്ക്ക് നേരിട്ട് പണം കൊടുത്ത കാര്യം സ്കൂൾ മാനേജരെ കൂടി പ്രതി ചേർത്താലേ മനസിലാകൂ. ഷാജിയെയും പ്രതി ചേർക്കണം