തിരുവനന്തപുരം : സംസ്ഥാന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി. ഉബൈദിനെ സർക്കാർ നിയമിച്ചു. ഉത്തരവ് ഉടനിറങ്ങും. ഹൈക്കോടതി സർക്കാരിന് നൽകിയ നാലു പേരുടെ പട്ടികയിൽ നിന്നാണ് ഉബൈദിനെ തിരഞ്ഞടുത്തത്. വിരമിച്ച ജസ്റ്റിസുമാരായ കെ.പി.ജ്യോതീന്ദ്രനാഥ്, എ.എം.ബാബു, ആനീ ജോൺ എന്നിവരായിരുന്നു പട്ടികയിലെ മറ്റു മൂന്നുപേർ. ട്രൈബ്യൂണലിൽ ജുഡീഷ്യൽ, ടെക്നിക്കൽ മേഖലയിൽ നിന്നുള്ള രണ്ടംഗങ്ങളെക്കൂടി നിയമിക്കേണ്ടതുണ്ട്. ഇവരുടെ അപേക്ഷയിൽ ഇൻറർവ്യൂ നടത്തിയാവും തിരഞ്ഞെടുപ്പ്.
ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ അതോറിട്ടിയുടെ തീരുമാനങ്ങളിൽ മേൽ ആക്ഷേപം സമർപ്പിക്കാൻ അപ്പലേറ്റ് ട്രൈബ്യൂണൽ രൂപീകരിക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.. .
അപ്പലേറ്റ് ട്രൈബ്യൂണൽ അംഗങ്ങൾക്കൊപ്പം, റഗുലേറ്ററി അതോറിട്ടിയിൽ ഒഴിവുള്ള ഒരംഗത്തെ കൂടി നിയമിക്കണം. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനാണ് സംസ്ഥാന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി ചെയർമാൻ. അഭിഭാഷകയായ പ്രീതാ.പി.മേനോനെയും, മാത്യു ഫ്രാൻസിസിനെയും അംഗങ്ങളായും നിയമിച്ചിരുന്നു. എന്നാൽ താൻ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടി മാത്യു ഫ്രാൻസിന് സ്വയം പിൻമാറി. ഇതോടെയാണ് ഒരംഗത്തിൻറെ ഒഴിവ് വന്നത്. രണ്ട് അംഗങ്ങളും ഇല്ലാതെ അതോറിട്ടിക്ക് നിയമസാധുതയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ചുമതലയേറ്റ അംഗം പ്രീത.പി.മേനോന് മതിയായ യോഗ്യതയില്ലെന്ന പരാതിയും സർക്കാരിന് മുന്നിലുണ്ട്. ഇതുസംബന്ധിച്ച് കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.